കലയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ച അക്രമവാസനകള്‍ ഇല്ലാതാക്കും: ചെന്നിത്തല
ഹരിപ്പാട്: കലയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ച സമൂഹത്തില്‍ അക്രമവാസനകള്‍ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ അമ്പലപ്പുഴ ഉപജില്ലാതല പ്രവര്‍ത്തനോദ്ഘാടനം പാനൂര്‍ക്കര ഗവ.യു.പി.എസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലനിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥികള്‍ സ്വഭാവ ശുദ്ധിയുള്ള പൗരന്മാരായി മാറാന്‍ കലയും സാഹിത്യവും സഹായിക്കുമെന്നും വിദ്യാലയങ്ങളിലെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കഥകളിയും നാടന്‍പാട്ട് അവതരണവും നടന്നു. വിദ്യാരംഗം ചെയര്‍മാന്‍ കെ.പി കൃഷ്ണദാസ് അദ്ധ്യക്ഷനായി. ചടങ്ങില്‍ മുന്‍ അധ്യാപകരായ ഒ.എം ജമാല്‍, ഷിഹാബുദ്ദീന്‍, മുഹമ്മദ് സാലി എന്നിവരെ തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണിടീച്ചര്‍ ആദരിച്ചു.
കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം എസ്.എം.സി ചെയര്‍മാന്‍ എ.ഷാജഹാന്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ മികച്ച സൃഷ്ടികള്‍ക്കുള്ള പുരസ്‌കാരം തൃക്കുന്നപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍ വിതരണം ചെയ്തു.
കഥാകൃത്ത് സജീദ്ഖാന്‍ പനവേലില്‍ സാഹിത്യ പ്രഭാഷണം നടത്തി. ജോണ്‍ തോമസ്, ഒ.എം.ഷെരീഫ്, എം.മനോജ്, ജി.രാധാകൃഷ്ണന്‍, എച്ച്.അബ്ദുള്‍ ഖാദര്‍കുഞ്ഞ്, എ.എം നൗഷാദ്, എസ്.മോഹന്‍ദാസ്, ശാന്തി, പി.ബിനു, ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ലയിലെ അറുപതോളം വിദ്യാലയങ്ങളില്‍ നിന്ന് അദ്ധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."