സഊദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു
അപകടം സഊദി - യു.എ.ഇ അതിര്‍ത്തിയില്‍
ദമാം: ദുബൈയില്‍നിന്ന് കിഴക്കന്‍ സഊദിയിലെ ജുബൈലിലേക്ക് വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് രണ്ടര വയസുള്ള കുട്ടി മരിച്ചു.
തൃശൂര്‍ ചേലക്കര കിള്ളിമംഗലം കിഴക്കേപ്പുറത്ത് വീട്ടില്‍ സയ്യിദ് ഷഫീഖ് തങ്ങള്‍-അഫീഫാ ബീവി ദമ്പതികളുടെ ഏക മകള്‍ ഫാത്തിമ ശുഹദ ആണ് മരിച്ചത്. പെരുന്നാള്‍ അവധിക്ക് ദുബൈയിലുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങി വരുന്ന വഴി ജുബൈലില്‍നിന്നും 270 കിലോമീറ്റര്‍ അകലെ യു.എ.ഇ അതിര്‍ത്തിയിലുള്ള സല്‍വക്ക് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട പ്രാഡോ കാര്‍ മറിഞ്ഞാണ് അപകടം. കാര്‍ നിയന്ത്രണംവിട്ട് റോഡില്‍നിന്ന് തെന്നി മാറി മറിയുകയായിരുന്നു. ഷഫീഖ് തങ്ങള്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. പിന്‍സീറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു മകളും ഭാര്യയും. 10 കിലോമീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പില്‍ വിശ്രമിക്കാനായി തീരുമാനിച്ചു യാത്ര തുടരുമ്പോഴാണ് അപകടം. പെരുന്നാള്‍ ദിവസമാണ് ഇവര്‍ ജുബൈലില്‍നിന്ന് പുറപ്പെട്ടത്. ഷഫീഖ് തങ്ങളും അഫീഫയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
എട്ട് വര്‍ഷമായി ജുബൈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ഷഫീഖ് തങ്ങള്‍ മൂന്ന് മാസം മുന്‍പ് സന്ദര്‍ശക വിസയില്‍ കുടുംബത്തെ കൊണ്ടുവന്നതായിരുന്നു. സല്‍വ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."