ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതായി ആരോപിച്ച് പൊലിസ് സ്റ്റേഷന്‍ ഉപരോധം
കോവളം: കോവളം പൊലിസ് പിടികൂടിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലിസ് മര്‍ദിച്ചതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ സി.പി.എം പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധസമരത്തെ തുടര്‍ന്ന് പിടികൂടിയവരെ രാത്രി പതിനൊന്നരയോടെ പൊലിസ് വിട്ടയച്ചു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: കോവളം കെ.എസ് റോഡിലെ ഒലിപ്പുവിള ഭാഗത്ത് പ്രൊബേഷന്‍ എസ്.ഐ ഉമേഷിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തില്‍ വാഹനത്തിന്റെ രേഖകളൊന്നും ഇല്ലാതെ ബൈക്കുമായി കണ്ട രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെ സംഭവത്തില്‍ ഇടപെട്ട കെ.എസ് റോഡില്‍ താമസക്കാരനായ ബിനുകുമാര്‍ എന്ന യുവാവ് താന്‍ ഡി.വൈ.എഫ്.ഐ നേതാവാണെന്നും പിടികൂടിയവരെ കൊണ്ടുപോകാനാകില്ലെന്നും പറഞ്ഞ് എസ്.ഐയോടും പൊലിസുകാരോടും തട്ടിക്കയറുകയും ജോലി തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
ഇതറിഞ്ഞ് സംഘടിച്ചെത്തിയ 50 ഓളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചത്. തുടര്‍ന്ന് ബിനുകുമാറിനെ വിട്ടയച്ചെങ്കിലും എസ്.ഐ തന്റെ കരണത്തടിച്ചതായി ഇയാള്‍ പറഞ്ഞതോടെ എസ്.ഐയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഇവര്‍ ഉപരോധം ശക്തമാക്കി.
സ്ഥലത്തെത്തിയ ഫോര്‍ട്ട് എ.സി ദിനിലും വിഴിഞ്ഞം സി.ഐ ബൈജു എല്‍.എസ് നായരും നടത്തിയ ചര്‍ച്ചയില്‍ പരാതി എഴുതി നല്‍കിയാല്‍ സംഭവം കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തി അന്വേഷിച്ച് നടപടി സ്വീകരിക്കാം എന്നുറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
എന്നാല്‍ തന്റെ വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ കോവളം മേഖലാ കമ്മിറ്റി അംഗം ബിനുവിനെ ഒരു പ്രകോപനവുമില്ലാതെയാണ് എസ്.ഐ ഉമേഷിന്റെ നേതൃത്വത്തില്‍ പൊലിസ് പിടികൂടിയതെന്നും സ്റ്റേഷനിലെത്തിച്ച് ക്രൂരമര്‍ദനത്തിനിരയാക്കുകയായിരുന്നുവെന്നും മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ ബിനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിപരാധിയായ യുവാവിനെ ഒരു കാരണവുമില്ലാതെ മര്‍ദിച്ച എസ്.ഐക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഫോര്‍ട്ട് എ.സി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."