ദൂതരുടെ 63 വര്‍ഷം
ജനനം
570 ഏപ്രില്‍- ജൂണ്‍: ആധുനിക സഊദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയുടെ ഭാഗമായ മക്കയില്‍, നാട്ടുനേതാവായ അബ്ദുല്‍ മുത്തലിബിന്റെ പുത്രന്‍ അബ്ദുല്ലയുടെയും യഥ്‌രിബുകാരന്‍ വഹബിന്റെ പുത്രി ആമിനയുടെയും ഏക സന്താനമായി ജനിക്കുന്നു.
ബാല്യം
570- 575: ശുദ്ധമായ ഗ്രാമീണ അറബ് ഭാഷാ പാടവം ലഭിക്കാനായി ബനൂ സഅദ് ഗോത്രത്തിലെ ഹലീമയുടെ അടുത്ത് മുലകുടിയും ശൈശവും പിന്നിട്ട് വളരുന്നു.
575: ആറാം വയസില്‍ മാതാവ് ആമിനയോടൊപ്പം, തിരുപ്പിറവിക്ക് ആറുമാസം മുന്‍പേ, സിറിയയിലേക്കുള്ള കച്ചവട യാത്രയില്‍ യഥ്‌രിബില്‍ മരണപ്പെട്ട പിതാവിന്റെ ഖബറിടം സന്ദര്‍ശിച്ച് മടങ്ങവേ മാതാവ് നിര്യാതയാവുന്നു.
578: മാതാവിന്റെ നിര്യാണാനന്തരം എട്ടാം വയസ് വരെ പരിപാലിച്ച പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് വിടവാങ്ങുന്നു. സംരക്ഷണം പിതൃവ്യന്‍ അബൂത്വാലിബ് ഏറ്റെടുക്കുന്നു.
വിവാഹം
594: മക്കയിലെ ഏറ്റവും ശ്രുതിപരന്ന വ്യാപാരിയായ ഖുവൈലിദിന്റെ പുത്രി ഖദീജയുടെ കച്ചവട സംഘത്തില്‍ ചേരുന്നു. യാത്രകളിലുടനീളം മേഘം തണലിട്ട് കൊടുക്കുന്നത് പോലോത്ത അത്ഭുതങ്ങള്‍ സംഭവിക്കുന്നു.
595: മൈസിറ എന്ന ഭൃത്യ മുഖേന ഖദീജ വിവാഹാഭ്യര്‍ഥന നടത്തുന്നു. പിതൃവ്യന്‍ പറയുന്നത് ചെയ്യാമെന്ന് മറുപടി പറയുന്നു. കുടുംബങ്ങള്‍ കൂടിയാലോചിച്ച് വിവാഹം നടക്കുന്നു.
595- 609: കുടുംബ ജീവിതം, ഖദീജയില്‍ 5 മക്കള്‍ ജനിക്കുന്നു.
599: ആദ്യ പുത്രി സൈനബ് ജനിക്കുന്നു.
പ്രവാചകത്വം
605: കഅ്ബാലയത്തിന്റെ പുന:നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഗോത്രസംഘര്‍ഷം രമ്യമായി പരിഹരിച്ച് അനിഷേധ്യനായ ജനനേതാവാകുന്നു. അപ്പോള്‍ 35 വയസ്.
605- 610: സ്വന്തം സമൂഹത്തിന്റെ ദുര്‍നടപ്പുകളെച്ചൊല്ലി വ്യസനിച്ചും ആത്മനിഷ്ഠമായ വിശുദ്ധി കാംക്ഷിച്ചും മക്കയിലെ ജബലുന്നൂര്‍ പര്‍വ്വതത്തിലെ ഹിറാ മലപ്പൊത്തില്‍ ധ്യാനമിരിക്കല്‍ പതിവാക്കുന്നു.
610: ഓഗസ്റ്റിലെ ഒരു തിങ്കളാഴ്ച പ്രഭാതോദയത്തിന് തൊട്ട് മുന്‍പ് പ്രവാചകത്വം ലഭിക്കുന്നു.
610- 613: കുടുംബത്തിനകത്തും അടുത്ത സുഹൃത്തുക്കള്‍ക്കിടയിലും സത്യപ്രബോധനം നടത്തുന്നു. ദാറുല്‍ അര്‍ഖം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
അല്‍ അമീന്‍
580- 594: കൗമാരകാലം, ജനങ്ങളുമായുള്ള ഇടപാടുകളിലെ സത്യസന്ധത കാരണം അല്‍ അമീന്‍ എന്ന് പരക്കേ വിളിക്കപ്പെടുന്നു. ഹര്‍ബുല്‍ ഫിജാറില്‍ പങ്കെടുക്കുന്നു.
583: വ്യാപാരിയായ അബൂത്വാലിബിനൊപ്പം സിറിയയിലേക്ക് സഞ്ചരിക്കുന്നു. വേദ പണ്ഡിതന്മാര്‍ ഐതിഹാസിക ഭാവി പ്രവചിക്കുന്നു.
പ്രബോധനം
613: സാമൂഹികമായി ഇസ്‌ലാം പരിചയപ്പെടുത്താന്‍ കല്‍പ്പന വരുന്നു. മക്കക്കാരെ വിളിച്ചുകൂട്ടി സംസാരിക്കുന്നു.
614: മക്ക ഇളകിമറിയുന്നു, മുസ്‌ലിംകള്‍ അക്രമിക്കപ്പെടുന്നു.
615: അഭയമന്വേഷിച്ച് ഒരു സംഘം മുസ്‌ലിംകള്‍ എത്യോപ്യയിലേക്ക് പലായനം ചെയ്യുന്നു. ക്രിസ്ത്യന്‍ പുരോഹിതര്‍ അഭയം നിഷേധിക്കാന്‍ ശ്രമിക്കുന്നു. രാജാവായ നേഗസ് (നജ്ജാഷി) അതിഥികളെ സ്വീകരിക്കുന്നു.
616- 619: മക്കയിലെ നിഷേധികള്‍ മുസ്‌ലിംകളെ ഉപരോധിക്കുന്നു. അവര്‍ പരീക്ഷിതരും പരിക്ഷീണിതരുമാവുന്നു. ഖദീജയുടെ സമ്പത്ത് മുഴുവന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നു. അബൂത്വാലിബും ഖുറൈഷികളും അകലുന്നു.
619: ദു:ഖവര്‍ഷം, താങ്ങായ അബൂത്വാലിബും തണലായ ഖദീജയും ലോകത്തോട് വിടപറയുന്നു.
620: അനന്യമായ ആകാശാരോഹണം സംഭവിക്കുന്നു. നിര്‍ബന്ധ നിസ്‌കാരം അഞ്ച് നേരങ്ങളിലായി വ്യവസ്ഥാപിതമാവുന്നു.
പലായനം
622: മേയില്‍ രണ്ടാം അഖബ ഉടമ്പടിയിലൂടെ ഹിജ്‌റ ആസൂത്രണം ചെയ്യപ്പെടുന്നു. ജൂലൈ 16-19 ദിവസങ്ങളില്‍ മദീനയിലേക്ക് ഹിജ്‌റ പോവുന്നു. മറ്റൊരഭിപ്രായത്തില്‍ മെയ് 13 വ്യാഴം പുറപ്പെട്ട് 28 ന് വെള്ളി അവര്‍ മദീനയിലെത്തിച്ചേരുന്നു.
623: ആഇശ ബിന്‍തു അബീബക്കറുമായുള്ള വിവാഹം നടക്കുന്നു.
624: മാര്‍ച്ചില്‍ ബദ്ര്‍ മഹായുദ്ധം നടക്കുന്നു. ഏപ്രിലില്‍ ബനൂഖൈനുഖാ, മേയില്‍ ഖുദര്‍, സെപ്തംബറില്‍ കഅബുബിനു അഷ്‌റഫ് ഹത്യ എന്നിവ നടക്കുന്നു. ഹഫ്‌സ ബിന്‍ത് ഉമറുമായുള്ള വിവാഹം നടക്കുന്നു.
625: മാര്‍ച്ചില്‍ ഉഹ്ദ് യുദ്ധം നടക്കുന്നു.
626: ഓഗസ്റ്റില്‍ ദാതുരിഖാ പേരാട്ടം നടക്കുന്നു.
627: ഏപ്രിലില്‍ ഖന്‍ദഖ് യുദ്ധം നടക്കുന്നു. സൈനബ് ബിന്‍ത് ജഹ്ഷുമായുള്ള വിവാഹം നടക്കുന്നു.
ഭരണം
628- 30: പ്രവാചക ജീവിതത്തിലെ ഏറ്റവും നിര്‍ണായക വര്‍ഷം. മാര്‍ച്ചില്‍ ഹുദൈബിയ്യാ സന്ധി നടക്കുന്നു. ഔദ്യോഗിക ഭരണനിര്‍വ്വഹണ സ്വഭാവത്തിലേക്ക് മദീന മാറുന്നു. സ്വന്തമായി മുദ്ര ആവിഷ്‌കരിക്കുന്നു. തുടര്‍ന്ന് അന്നത്തെ ലോക ഭരണാധികാരികള്‍ റോമിലെ സീസര്‍ ഹെറാക്ലീസ്, പേര്‍ഷ്യയിലെ ഖുസ്‌റു, എത്യോപ്യയിലെ നേഗസ്, ഈജിപ്തിലെ മുഖൗഖിസ്, സിറിയയിലെ ഗസ്സാന്‍, ബഹ്‌റൈനിലെ മുന്‍ദിര്‍ ബിന്‍ സവാ എന്നിവര്‍ക്ക് ഇസ്‌ലാം ക്ഷണപത്രിക അയക്കുന്നു. അതേവര്‍ഷം മേയില്‍ ഫിദഖ് കീഴടക്കുന്നു. തുടര്‍ന്ന് ഒന്നര മാസത്തോളം നീണ്ട ഖൈബര്‍ യുദ്ധത്തിലൂടെ മദീനാ രാഷ്ട്രം വികസിപ്പിക്കുന്നു.
629: ഹുദൈബിയ്യാ സന്ധിയുടെ ഫലമായി രാഷ്ട്രീയ വിജയങ്ങള്‍ തെളിയുന്നു. നിര്‍ണായകമായ ചുവടുവയ്പ്പുകളിലൂടെ മക്കയിലേക്കുള്ള പാത വീണ്ടും തുറക്കുന്നു.
മക്കാ വിജയം
630- 632: സാക്ഷാത്ക്കാരം, സമ്പൂര്‍ത്തീകരണം.
ജനുവരിയില്‍ മാതൃദേശമായ മക്കയിലേക്ക് വിജയശ്രീലാളിതനായി വമ്പിച്ച അനുയായിവൃന്ദത്തോടെ ആഗമനം ചെയ്യുന്നു. കഅ്ബാലയം അധീനത്തിലാക്കുന്നു. ശത്രു മുഖ്യന്മാര്‍ വിശ്വസിക്കുകയോ നാട് വിടുകയോ ചെയ്യുന്നു, നഷ്ടപ്പെട്ടതെല്ലാം ലാഭം സഹിതം നേടിയെടുക്കുന്നു. ഈ മൊത്തം കാര്യങ്ങള്‍ ചേര്‍ന്ന മക്കവരിക്കല്‍ സംഭവിക്കുന്നു.
ജനുവരി അവസാനം, ഹുനൈന്‍ യുദ്ധം സംഭവിക്കുന്നു. ഫെബ്രുവരിയില്‍ ഒരിക്കല്‍ കല്ലറിഞ്ഞോടിച്ച താഇഫ് കീഴടക്കുന്നു. ഒക്ടോബറില്‍ തബൂക്ക് മഹായുദ്ധം നടക്കുന്നു.
വിട
632: വിടവാങ്ങല്‍ ഹജ്ജ് നടക്കുന്നു. മാര്‍ച്ച് ആറിന് വെള്ളി വിശ്വവിഖ്യാതമായ അറഫാ പ്രഭാഷണം നടക്കുന്നു. ഇസ്‌ലാം സമ്പൂര്‍ണമായെന്ന ദിവ്യ വിളംബരം ഉണ്ടാവുന്നു.
ജൂണ്‍ എട്ടിന് തിങ്കള്‍, സൂര്യോദയത്തിന് നാഴിക നേരം കഴിഞ്ഞ് ഇഹലോകവാസം വെടിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."