കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍; ആരോപണങ്ങള്‍ രാഷ്ടീയ പ്രേരിതമെന്ന്
താമരശേരി: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങള്‍ രാഷ്ടീയ പ്രേരിതമാണെന്നും ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ വിവിധ ഘട്ടങ്ങളിലായി അതിവേഗം നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് ആദ്യമായാണെന്നും കട്ടിപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് പറഞ്ഞു.
സര്‍ക്കാരും സന്നദ്ധ സംഘടനകളും പുനരധിവാസത്തിനായി നല്ല നിലയില്‍ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കാരാട്ട് റസാക്ക് എം.എല്‍.എ ചെയര്‍മാനും താമരശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്മിറ്റിയുടെ അക്കൗണ്ടില്‍ 11,35,937 രൂപ ലഭിച്ചിട്ടുണ്ട്.
എന്‍.ജി.ഒ, വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഈയൊരു ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഈ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
ഇതിന്റെ ഭാഗമാണ് വ്യാഴാഴ്ച താമരശേരിയില്‍ വിഭവസമാഹരണ പരിപാടി നടക്കുന്ന താമരശേരി റെസ്റ്റ്ഹൗസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എത്തിയത്. വാടക സംബന്ധിച്ച് ഉടമകള്‍ താമസക്കാരോട് ഇതുവരെ സംസാരിച്ചിട്ടില്ല. എന്നാല്‍ വാടകയുടെ പേര് പറഞ്ഞ് മുസ്‌ലിം ലീഗ് കാണിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വാടക സംബന്ധിച്ച് ഒരു വിധ ആശങ്കയും വേണ്ടെന്നും ഇത് നല്‍കാന്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിഷേധം കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വിലകുറഞ്ഞ രാഷ്ടീയമാണെന്നും നിതീഷ് കല്ലുള്ളത്തോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."