സംസ്‌കരിക്കാന്‍ നല്‍കിയ ധാന്യങ്ങള്‍ കാലിത്തീറ്റയാക്കി
എടപ്പാള്‍: പ്രളയക്കെടുതിയില്‍ ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ നല്‍കിയ ധാന്യങ്ങള്‍ കാലിത്തീറ്റയാക്കി മറിച്ചുപയോഗിച്ചു. കൂറ്റനാട് സപ്ലൈക്കോയുടെ ഗോഡൗണില്‍നിന്ന് കൊണ്ടുവന്ന ധാന്യങ്ങളാണ് മറിച്ചുപയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ സ്വദേശിയെ കുറ്റിപ്പുറം പൊലിസ് അറസ്റ്റു ചെയ്തു.
തവനൂര്‍ സീഡ് ഫാമിന് സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന അരിയാണ് നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലിസ് പിടികൂടിയത്. ധാന്യങ്ങള്‍ സൂക്ഷിച്ച കടമുറിയില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. പ്രളയത്തില്‍ നശിച്ച 34602 കിലോ ധാന്യമാണ് കൂറ്റനാട് സപ്ലൈകോയുടെ ഗോഡൗണില്‍ നിന്ന് സംസ്‌കരിക്കാന്‍ സ്വകാര്യ വ്യക്തിയെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇത് സംസ്‌കരിക്കാതെ വൃത്തിയാക്കി കാലിത്തീറ്റയാക്കി ഉപയോഗിക്കുകയായിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും സിവില്‍ സപ്ലൈസ് അധികൃതരും സ്ഥലത്തെത്തി. കുറ്റിപ്പുറം പൊലിസ് സ്ഥലത്തെത്തി 1143 ചാക്ക് അരി കസ്റ്റഡിയിലെടുത്തു. സംസ്‌കരിക്കാന്‍ കൊടുത്തയക്കുന്ന ധാന്യങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിച്ച് ഉറപ്പുവരുത്താത്തിനെതുടര്‍ന്നാണ് ഇത്തരത്തില്‍ അവ വീണ്ടും ഉപയോഗിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."