ചോക്കാട് മണ്ഡലം കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്: ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് ഐ.എന്‍.ടി.യു.സി മാര്‍ച്ച് നടത്തി
കാളികാവ്: ചോക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പിളര്‍പ്പിലേക്ക്. കോണ്‍ഗ്രസിനു കൂടി ഭരണ പങ്കാളിത്തമുള്ള ചോക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ ഐ.എന്‍.ടി.യു.സി നടത്തിയ പ്രതിഷേധ ധര്‍ണ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ചുമതല കൂടിയുള്ള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ലക്ഷ്യം വെച്ചായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ ഷാഹിന ഗഫൂറിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാതെ പ്രതിഷേധക്കാര്‍ വൈസ് പ്രസിഡന്റിനെയാണ് കടന്നാക്രമിച്ചത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ മാത്രമല്ല പാര്‍ട്ടിക്കുള്ളിലും ഇത്തരക്കാര്‍ കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് ഐ.ന്‍.ടി.യു.സി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് പുറത്താകാതിരിക്കുന്നതിനായി നേതൃത്വം ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മണ്ഡലം കമ്മിറ്റിയിലേയും കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലേയും മുതിര്‍ന്ന നേതാക്കളാണ് ഐ.എന്‍.ടി.യു.സിയുടെ പേരില്‍ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുള്ളത്.
സി.പി.എം അംഗങ്ങളെ വിലക്കെടുത്താണ് കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. കോണ്‍ഗ്രസുകാരനെ വൈസ് പ്രസിഡന്റ് പദവിയിലെത്തിക്കുന്നതിന് സി.പി.എം നേതൃത്വം പണം കൈപ്പറ്റിയെന്നും ഇവര്‍ ആരോപിച്ചു. കൂറുമാറി വോട്ടു ചെയ്ത അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയാറാകാതിരുന്നത് തന്നെ സി.പി.എം നേതാക്കള്‍ പണം കൈപ്പറ്റിയതിന്റെ തെളിവാണെന്നും ഐ.എന്‍.ടി.യു.സി നേതാക്കള്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധര്‍ണ കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ചൂരപ്പിലാന്‍ ഷൗകത്ത് ഉദ്ഘാടനം ചെയ്തു. കാളികാവ് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എ.പി അബു അധ്യക്ഷനായി. ടി.കെ മാനുട്ടി, ഇ.പി ഹൈദ്രു, മണ്ഡലം സെക്രട്ടറി രാമകൃഷ്ണന്‍, സന്തോഷ് പുഞ്ചയില്‍, മൂസക്കുട്ടി, അസ്‌കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."