രാജ്യമെങ്ങും ആര്.എസ്.എസ് ഭീകരത: വൃന്ദാകാരാട്ട്
കണ്ണൂര്‍: രാജ്യമെങ്ങും ആര്.എസ്.എസ് ഭീകരത അഴിച്ചുവിട്ടിരിക്കയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനംകുറിച്ച് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ. യു.പി തെരഞ്ഞെടുപ്പിലെ വിജയം അവര്‍ എന്തും ചെയ്യാനുള്ള ലൈസന്‍സാക്കി മറ്റിയിരിക്കുകയാണ്. ആര്.എസ്.എസിന്റെ ഡി.എന്‍.എയാണ് ഭീകരത. എവിടെയെല്ലാം ആര്.എസ.്എസുണ്ടോ അവിടെയെല്ലാം ഭീകരതയും വിദ്വേഷവും വിഭജനവുമുണ്ട്. സാഹോദര്യ സ്നേഹമുള്ള പ്രദേശങ്ങളില്‍ അവര്‍ക്ക് വളരാനാവില്ല. അതിനാല്‍ ഗ്രാമ നഗരങ്ങളില്‍ അവര്‍ വിദ്വേഷം വിതക്കുകയാണ്. ന്യൂനപക്ഷങ്ങളെയും ദലിതരെയും ആര്.എസ്.എസ് നേരിട്ട് ആക്രമിക്കുകയാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ പാവങ്ങളെ ക്രൂരമായി കൊലചെയ്യുന്നു. ഇടതുപക്ഷ നേതാക്കളെ വ്യക്തിപരമായി ലക്ഷ്യംവയ്ക്കുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് ഒരു കോടി രൂപ വിലയിട്ട മധ്യപ്രദേശിലെ ആര്.എസ്.എസ് നേതാവിന് ഒരുദിവസം പോലും ജയിലില്‍ കിടക്കേണ്ടി വന്നില്ല. ത്രിപുരയിലെയും കേരളത്തിലെയും ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കുമെന്ന് ആര്.എസ്.എസ് നേതാക്കള്‍ പരസ്യമായി പറയുന്നു. അമിത്ഷായ്ക്ക് അങ്ങിനെ ഒരുപാട് സ്വപ്നങ്ങളുണ്ടാവാം. പക്ഷേ കേരളത്തിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ അമിത്ഷായ്ക്ക് കഴിയില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."