പാണാവള്ളി ബോട്ട്‌സ്റ്റേഷന്റെ പുതിയ കെട്ടിടം അപകടഭീഷണിയില്‍
പൂച്ചാക്കല്‍: ജലഗതാഗത വകുപ്പിന്റെ പാണാവള്ളി ബോട്ട് സ്റ്റേഷന്റെ പുതിയ കെട്ടിടം അപകടഭീഷണിയില്‍. കെട്ടിടത്തിന്റെ അടിഭാഗത്തെ തൂണുകളിലെ ഇരുമ്പു കമ്പികള്‍ ദ്രവിച്ചനിലയിലാണ്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുമോ എന്ന് ആശങ്കയിലാണ് ജീവനക്കാര്‍.
കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കെട്ടിടം ഉദ്ഘാടനം നടത്തിയത്. കമ്പികള്‍ തെളിഞ്ഞുകാണാന്‍ ആരംഭിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ കായലില്‍ വെള്ളം കുറഞ്ഞ സമയത്താണ്. കായലിലാണ് അടിസ്ഥാന പൈലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പൈലും പൈല്‍ ക്യാപുകളും ചേരുന്ന ഭാഗത്തായാണ് കമ്പികള്‍ തെളിഞ്ഞു കാണുന്നത്. ബോട്ട് സ്റ്റേഷന്‍ അധികൃതര്‍ വകുപ്പ് മേധാവിയേയും കെട്ടിടം നിര്‍മിച്ച ഇറിഗേഷന്‍ വകുപ്പിനേയും അറിയിച്ചിട്ടുണ്ട്.
എ.എം ആരിഫ് എം.എല്‍.എ ഇന്നലെ ബോട്ട്‌സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനി കായലില്‍ ഉപ്പുവെള്ളം കയറുമ്പോള്‍ കമ്പികള്‍ കൂടുതല്‍ ദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും അതോടെ കെട്ടിടത്തിന് വിള്ളലും ബലക്ഷയവും ഉണ്ടാകുമെന്നുമാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.
കരാറുകാരുടെ നേതൃത്വത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങി. പരിഹാരം താല്‍കാലികമായാല്‍ പിന്നീട് പ്രശ്‌നമാകുമെന്നും കായലില്‍ ബണ്ട് കെട്ടി വെള്ളം വറ്റിച്ച ശേഷമേ അറ്റകുറ്റപ്പണിക്ക് ശാശ്വതമാവുകയുള്ളെന്നും യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. കെട്ടിടത്തിന്റെ ചിലയിടങ്ങളിലെ ചോര്‍ച്ച, വയറിങ് തകരാര്‍ തുടങ്ങിയവയും ഇതോടൊപ്പം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. 1.5 കോടി രൂപ ചെലവിലാണ് ഇരുനില കെട്ടിടം നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."