പൊന്മുടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു
തൊടുപുഴ: പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍ ജലവൈദ്യുതി പദ്ധതിയില്‍ ഉല്പാദനം നിലച്ചതോടെ ജലനിരപ്പ് ഉയര്‍ന്ന പൊന്മുടി അണക്കെട്ട് തുറന്നു.
ഇന്നലെ രാവിലെ പത്ത് മണിയോടെ ജലസംഭരണിയുടെ സ്പില്‍വേയില്‍ സ്ഥാപിച്ചിട്ടുള്ള ഒരു റേഡിയല്‍ ഗേറ്റാണ് തുറന്നത്. സെക്കന്റില്‍ 11000 ലിറ്റര്‍ വെള്ളമാണ് ഇതുവഴി പന്നിയാര്‍ പുഴയിലൂടെ മുതിരപ്പുഴയാറില്‍ എത്തുക. ഇത് പിന്നീട് കല്ലാര്‍കുട്ടി അണക്കെട്ടില്‍ സംഭരിച്ച് നേര്യമംഗലം പദ്ധതിയില്‍ വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തും.
തകരാര്‍ മൂലം ലോവര്‍ പെരിയാറിലെ ഷട്ടറുകള്‍ ഉയര്‍ത്തി വച്ചിരിക്കുകയാണ്. ഈ വെള്ളം കൂടി എത്തുന്നതോടെ ചെറിയ രീതിയില്‍ പെരിയാറിലെ ജലനിരപ്പ് ഉയരും. മൂന്ന് ഷട്ടറുകളാണ് പൊന്മുടി അണക്കെട്ടിനുള്ളത്. പൊന്മുടി സംഭരണിയുടെ ഗേറ്റുകള്‍ കഴിഞ്ഞ ഒമ്പത് മുതല്‍ പൂര്‍ണ്ണമായി അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജലവിതാനം പ്രതിദിനം 30 സെന്റിമീറ്റര്‍ എന്ന തോതില്‍ ഉയര്‍ന്നിരുന്നു.
പൊന്മുടി സംഭരണിയുടെ പരമാവധി സംഭരണ ശേഷി 707.75 മീറ്ററാണ്. ഇന്നലെ 707.15 മീറ്ററായിരുന്നു ജലനിരപ്പ്. തുലാവര്‍ഷം കൂടി കണക്കിലെടുത്ത് ജലനിരപ്പ് സുരക്ഷിത സ്ഥാനത്തേക്ക് താഴത്തി നിര്‍ത്താനാണ് ഇപ്പോഴത്തെ ഈ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."