മലിനീകരണം നമ്മളറിയാതെ നമ്മെ കൊല്ലുന്നു
തുഗ്ലക്കാബാദിലെ ഒരു വാതകഡിപ്പോയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു രണ്ടു സ്‌കൂളുകളിലെ 450 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നു കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. ആ വാര്‍ത്തയ്ക്ക് ഒരുദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.
എങ്കിലും, എത്ര നിരുത്തരവാദപരമായാണു നാം വാതകങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതെന്നും വിതരണംചെയ്യുന്നതെന്നും ആ വാര്‍ത്ത തുറന്നുകാണിക്കുകയുണ്ടായി. കുട്ടികളെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തു ഹരിയാനയിലേയ്ക്കു കൊണ്ടുപോകാനായി ടാങ്കറുകളില്‍ നിറയ്ക്കുമ്പോഴാണു ചോര്‍ച്ച സംഭവിച്ചതെന്നാണു റിപ്പോര്‍ട്ട്.
ശബ്ദമലിനീകരണവും വായുമലിനീകരണവുംകൊണ്ടു കഷ്ടപ്പെടുകയാണു നമ്മുടെ നാടും നഗരവും. സ്വകാര്യവാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിച്ചാല്‍ മതിയെന്ന ഉത്തരവ് ഡല്‍ഹി ഭരണകൂടത്തിന് ഇറക്കേണ്ടിവന്നു. കൂടുതല്‍ പുകതുപ്പുന്ന പഴക്കംചെന്ന വാഹനങ്ങള്‍ നിരോധിക്കാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു.
എന്നിട്ടും ശബ്ദ,വായുമാലിന്യത്തില്‍നിന്നു മോചനം നേടാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. മിസോറാം പോലുള്ള ചില ചെറിയസംസ്ഥാനങ്ങള്‍ മാത്രമാണ് ആ വഴിക്കു ചെറുതായെങ്കിലും നീങ്ങിത്തുടങ്ങിയിരിക്കുന്നത്.
മൂന്നുനാലു മിനുട്ടിനുള്ളില്‍ അവസാനിക്കുന്ന ബാങ്ക് വിളിപോലും ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നു പറഞ്ഞ് ഒരു പ്രശസ്തഗായകന്‍ ഈയിടെ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. അദ്ദേഹം അത്യുച്ചത്തില്‍ ആംബ്ലിഫെയര്‍വച്ചു മണിക്കൂറുകളോളം നീണ്ട ഗാനമേളകള്‍ നടത്തി ലോകമെമ്പാടും ചുറ്റിക്കറങ്ങുന്നയാളാണ്. കേരളത്തില്‍പോലും ഉച്ചഭാഷിണിക്കു നിയന്ത്രണമുണ്ട്.
എന്തുകാര്യത്തിനായാലും, പൊലിസിന്റെ അനുമതി വാങ്ങിയശേഷമേ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും രാത്രി പത്തുമണി കഴിഞ്ഞാല്‍ അത് ഓഫ് ചെയ്യണമെന്നും കോടതിവിധിയുണ്ട്. സ്പീക്കര്‍ നിരോധിക്കപ്പെടുമ്പോഴും 'ഡെപ്യൂട്ടി സ്പീക്കറെ' വച്ചു ബഹളംകൂട്ടാന്‍ തന്നെയാണു നമുക്കു താല്‍പര്യം. പള്ളിക്കകത്തെ പ്രഭാഷണമായാലും പുറത്തേയ്ക്കു സ്പീക്കര്‍വച്ചു ബഹളങ്ങളുണ്ടാക്കരുതെന്നു കഴിഞ്ഞവര്‍ഷം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കിയ ആഹ്വാനം ഇവിടെ ഓര്‍ക്കേണ്ടതാണ്.
എന്നാല്‍, കാതടപ്പിക്കുന്ന ശബ്ദശല്യത്തേക്കാള്‍ എത്രയോ മടങ്ങു മാരകമാണു വായുമലിനീകരണമെന്നു നാം ഇനിയും മനസിലാക്കിയിട്ടില്ലെന്നു തോന്നുന്നു. ദിവസംതോറും വാഹനങ്ങള്‍ പുറത്തുവിടുന്ന വിഷവാതകമുണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം നാം ശ്രദ്ധിക്കാറില്ല. ഒരുപക്ഷേ, പുകപ്രശ്‌നത്തേക്കാളേറെ വലുതും ചെറുതുമായ ശല്യത്തില്‍ നാം കുടുങ്ങിപ്പോകുന്നതു കൊണ്ടാവാം.
ഇരുചക്രവാഹനവില്‍പനയില്‍ ലോകത്തിലെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്നാണു കഴിഞ്ഞദിവസം വാഹനനിര്‍മാണ കമ്പനികളുടെ സംഘടന (സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍സ് അസോസിയേഷന്‍) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട ഇരുചക്രവാഹനങ്ങളുടെ എണ്ണം ഒന്നേമുക്കാല്‍ കോടിയാണത്രേ. ഓരോ ദിവസവും 48,000 വാഹനങ്ങള്‍ വിറ്റഴിക്കപ്പെടുന്നുവെന്നര്‍ത്ഥം. ഇന്ത്യയേക്കാള്‍ ജനസംഖ്യയുള്ള ചൈന ഇരുചക്രവാഹന വില്‍പ്പനയുടെ കാര്യത്തില്‍ പതിനായിരത്തിനു പിന്നിലാണ്. മലിനവായു ശ്വസിച്ചതിനെത്തുടര്‍ന്നുണ്ടായ അസുഖങ്ങളില്‍ മരിച്ചവരുടെ എണ്ണത്തിന്റെ കാര്യത്തിലും നാം ചൈനയേക്കാള്‍ മുന്നിലാണ്. 2015 ല്‍ ഇന്ത്യയില്‍ പതിനെട്ടു ലക്ഷംപേര്‍ മരിച്ചതായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് സൊസൈറ്റി പറയുന്നു.
രാജ്യങ്ങള്‍ സമ്പന്നമാകുമ്പോള്‍ വ്യവസായശാലകളില്‍ നിന്നുള്ള വാതകമലിനീകരണം കുറഞ്ഞുവരികയാണു വേണ്ടതെന്നു ശാസ്ത്രം പറയുന്നു. ഇന്ത്യയിലെയും ചൈനയിലെയുമൊക്കെ സ്ഥിതി അതല്ല. അന്തരീക്ഷമലിനീകരണത്തിനെതിരേ ലോകാരോഗ്യസംഘടന നിജപ്പെടുത്തിയ അളവിനേക്കാള്‍ കൂടുതല്‍ മലിനീകരണമാണ് ഇന്ത്യയിലെയും ചൈനയിലെയും 168 നഗരങ്ങളില്‍ ഗ്രീന്‍പീസ് നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടത്.
അതില്‍ ഡല്‍ഹി തന്നെയാണ് ഏറ്റവും വലിയ വില്ലന്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, അലഹബാദ്, ബറേലി തുടങ്ങിയവ തൊട്ടുപിന്നില്‍ വരുന്നു. ഹരിയാനയിലെ ഫരീദാബാദ്, ഝാര്‍ഖണ്ഡിലെ ഝാറിയ, രാജസ്ഥാനിലെ ആല്‍വാര്‍, ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ എന്നിവയെയും ഗ്രീന്‍പീസ് പ്രതിപ്പട്ടികയില്‍ പെടുത്തുന്നുണ്ട്.
പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചശേഷം അവ ഇഷ്ടംപോലെ റോഡിലെവിടെയും വലിച്ചെറിയാനും മറ്റിടങ്ങളിലേയ്ക്ക് ഒളിച്ചുകടത്താനും സ്വാതന്ത്ര്യം നല്‍കിയ നാടാണുനമ്മുടേത്. അങ്ങനെയൊരു വിലക്കേര്‍പ്പെടുത്തി ചണ്ടിവീപ്പകളെല്ലാം എടുത്തുമാറ്റി ജനത്തോട് മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കാന്‍ പറയുകയും അതിനുശേഷം ശുചീകരണത്തിനു നികുതി പിരിക്കുകയുമാണു സര്‍ക്കാര്‍. മാലിന്യം എവിടെ നിക്ഷേിപിക്കണമെന്നു പറയാതെ എവിടെയും വലിച്ചെറിയാനും കത്തിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുകയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിഷവായുവിന്റെ മാരകത്വത്തെക്കുറിച്ചു ബോധവാന്മാരല്ല. പെട്രോള്‍ ടാങ്കറുമായി നീങ്ങുന്ന ഗുഡ്‌സ് ട്രെയ്‌നുകള്‍ക്കും ട്രക്കുകള്‍ക്കും സമീപത്തുപോലും മാലിന്യക്കൂമ്പാരങ്ങള്‍ക്കു തീകൊടുക്കുന്നതു തദ്ദേശസ്ഥാപനങ്ങളില്‍ ശമ്പളംപറ്റുന്ന ജീവനക്കാര്‍ തന്നെയാണ്. പ്ലാസ്റ്റിക് സഞ്ചികളുടെ കാര്യം അവിടെയിരിക്കട്ടെ. ലോകം കണ്ട ഏറ്റവും വലിയ വിഷവാതകദുരന്തത്തിനു സാക്ഷ്യം വഹിച്ച നാടാണല്ലോ നമ്മുടേത്. ആഗോളഭീമന്മാരായ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാല്‍ കേന്ദ്രത്തില്‍ ആ ദുരന്തം നടന്നിട്ടു 33 വര്‍ഷമായി.
1984 ഡിസംബര്‍ രണ്ടിനുണ്ടായ വാതകച്ചോര്‍ച്ചയില്‍ മരിച്ചത് ഇരുപതിനായിരത്തോളം പേരാണ്. അതിലുമെത്രയോ പേര്‍ മാറാരോഗത്തിനടിമകളായി. എല്ലാം പാവപ്പെട്ടവരും സാധാരണക്കാരും. വാതകച്ചോര്‍ച്ചയുടെ ഫലമായി കൃഷികള്‍ പോലും പുനരാരംഭിക്കാന്‍ കഴിയാത്തവിധം നശിച്ചുപോയി.
എന്നിട്ടും, യൂനിയന്‍ കാര്‍ബൈഡ് മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സിനു നാലുനാള്‍ക്കകം നാടുവിട്ടുപോകാനാണ് ഇന്ത്യന്‍ ഭരണകൂടം അനുമതി നല്‍കിയത്. കേസുകള്‍ക്കു പിന്നാലെ കേസുകളാണ്. ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗസ്ഥ സംഘടനയെ കണ്ടഭാവം പോലും നടിക്കുന്നില്ല. ഏതായാലും കണ്‍വീനര്‍ അബ്ദുല്‍ജബ്ബാറിന്റെ ഹരജിയിന്‍മേല്‍ ആന്‍ഡേഴ്‌സനെ നാടുവിടാന്‍ സഹായിച്ച കലക്ടര്‍ മോതിസിങ്, പൊലിസ് സൂപ്രണ്ട് സ്വരാജ്പുരി എന്നിവര്‍ക്കെതിരേ ഭോപ്പാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഇതിനകം സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തുകഴിഞ്ഞുവെന്നു കോടതി അറിയുമോ എന്നറിയില്ല.
ഇന്ത്യവിട്ടു സ്വന്തം നാടായ അമേരിക്കയിലേയ്ക്കു പോയ ആന്‍ഡേഴ്‌സണ്‍ 93 ാം വയസില്‍ മൂന്നു വര്‍ഷം മുന്‍പ് ഈ ലോകത്തോടു വിടപറഞ്ഞപോലെ കേസ് വിചാരണ വരുമ്പോഴേയ്ക്കും മുന്‍കലക്ടറുടെയും മുന്‍ എസ്.പിയുടെയും സ്ഥിതി എന്താകുമെന്ന് ആരറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."