വയനാടിന്റെ പുനര്‍നിര്‍മിതി: കാര്‍ഷിക മേഖലക്ക് പരിഗണന നല്‍കണമെന്ന്
പുല്‍പ്പള്ളി: പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ വയനാടിന്റെ പുനര്‍നിര്‍മിതിയില്‍, കാര്‍ഷിമേഖലയുടെ പുനരുദ്ധാരണവും കര്‍ഷകരുടെ നിലനില്‍പ്പും വളര്‍ച്ചയും ലക്ഷ്യമാക്കി പരിഗണനയും ഫണ്ടും നല്‍കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളി വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച കര്‍ഷക സെമിനാര്‍ ആവശ്യപ്പെട്ടു.
കാലവര്‍ഷക്കെടുതിയില്‍ കാര്‍ഷികമേഖലക്കുണ്ടായ നഷ്ടം കൃത്യമായി വിലയിരുത്തുവാന്‍ സംവിധാനങ്ങള്‍ ഉണ്ടാകണം. കാര്‍ഷിക മേഖലക്ക് വേണ്ടി യാതൊരു പദ്ധതിയും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍, കൃഷിഭവനുകള്‍ മുഖേന അപേക്ഷകള്‍ സ്വീകരിക്കുന്നത് കര്‍ഷകരോട് കാണിക്കുന്ന വഞ്ചനയാണെന്ന് സെമിനാര്‍ കുറ്റപ്പെടുത്തി.
ദീര്‍ഘകാല വിളവുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25 വര്‍ഷത്തെ നഷ്ടം കണക്കാക്കി നഷ്ടപരിഹാര തുക അനുവദിക്കുക, ചെറുകിട കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപയും വന്‍കിട കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപയും പലിശരഹിത ദീര്‍ഘകാല വായ്പ നല്‍കുക, നിലവിലുള്ള കടങ്ങള്‍ പൂര്‍ണമായും എഴുതിത്തളളുക, സര്‍ഫാസി ആക്ടിന്റെ പരിധിയില്‍ നിന്ന് കാര്‍ഷിക മേഖലയെ പൂര്‍ണമായും ഒഴിവാക്കുക, കുരുമുളക്, തേയില, റബ്ബര്‍ തുടങ്ങിയവയുടെ ഇറക്കുമതി മൂന്ന് വര്‍ഷത്തേക്ക് എങ്കിലും പൂര്‍ണമായി നിരോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സെമിനാര്‍ ഉന്നയിച്ചു. ജനാധിപത്യ കേരളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എ ആന്റണി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എബി പൂക്കൊമ്പില്‍ അധ്യക്ഷനായി. 'കാര്‍ഷിക തകര്‍ച്ചയും വയനാടിന്റെ പുനര്‍നിര്‍മാണവും' എന്ന വിഷയത്തെക്കുറിച്ച് ജില്ലാ വൈസ് പ്രസിഡന്റ് വി.എസ് ചാക്കോ പ്രബന്ധം അവതരിപ്പിച്ചു. സര്‍ക്കാരിന് സമര്‍പ്പിക്കുന്ന 10 നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രമേയം ജില്ലാ ജനറല്‍ സെക്രട്ടറി വില്‍സണ്‍ നെടുംകൊമ്പില്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."