ഭൂമി നശിച്ചവര്‍ക്ക് തുല്യ അളവില്‍ ഭൂമി നല്‍കാനാവില്ല: ജില്ലാ കലക്ടര്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞും വിള്ളല്‍ വീണും കൈവശഭൂമി കൃഷിക്കും വാസത്തിനും യോഗ്യമല്ലാതായവര്‍ക്ക് തുല്യഅളവില്‍ പകരം സ്ഥലം നല്‍കാനാകില്ലെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു.
വനവും പ്ലാന്റേഷനുകളും കൃഷിയിടങ്ങളും ഒഴിവാക്കിയാല്‍ ജില്ലയില്‍ താമസത്തിന് യോജിച്ച ഏഴ് ശതമാനം ഭൂമിയാണ് അവശേഷിക്കുന്നത്. എന്നിരിക്കെ ഭൂമി നശിച്ചവര്‍ക്കായി തുല്യഅളവില്‍ പകരം ഭൂമി ജില്ലയില്‍ കണ്ടെത്തുക അസാധ്യമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി എഴുനൂറിലേറെ ഏക്കര്‍ സ്ഥലം കൃഷിക്കും വാസത്തിനും യോജിച്ചതല്ലാതായെന്നാണ് മണ്ണു സംരക്ഷണ വിഭാഗത്തിന്റെ പഠനത്തില്‍ കണ്ടെത്തിയത്. പ്രകൃതിദുരന്തത്തില്‍ വീടും സ്ഥലവും നശിച്ചവരുടെ പുനരധിവാസത്തില്‍ പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ചെലുത്തുന്നത്.
ഭൂമി വിലയ്ക്കുവാങ്ങിയും ഉദാരമനസ്‌കരില്‍നിന്ന് ദാനമായി സ്വീകരിച്ചും സര്‍ക്കാരിതര സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തിയും പുനരധിവാസം സാധ്യമാക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാടിന്റെ പുനസൃഷ്ടിക്ക് പരമാവധി സ്രോതസുകളില്‍നിന്നുള്ള സഹായവും സേവനവും ഉപയോഗപ്പെടുത്തും.
ജില്ലയില്‍ പ്രത്യേക യജ്ഞത്തിലൂടെ സമാഹരിച്ച ഫണ്ട് നിയോജകമണ്ഡലം തലത്തില്‍ ഇന്ന് രാവിലെ 10ന് മാനന്തവാടിയിലും ഉച്ചകഴിഞ്ഞു രണ്ടിനു ബത്തേരിയിലും വൈകുന്നേരം അഞ്ചിനു കല്‍പ്പറ്റയിലും സംഘടിപ്പിക്കുന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങും.
സ്ഥലവും പണവും ഉള്‍പ്പെടെ പുതിയ സഹായം നല്‍കാനും ആളുകള്‍ക്ക് അവസരമുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."