കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ: രാജ്യാന്തര കോടതിയില്‍ വാദം പൂര്‍ത്തിയായി
ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ചു ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാകിസ്താന്‍ കോടതി വധശിക്ഷ വിധിച്ചതിനെതിരായ ഹരജിയില്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ)യില്‍ വാദം പൂര്‍ത്തിയായി. ഇന്ത്യയും പാകിസ്താനും 90 മിനുട്ട് വീതം വാദങ്ങള്‍ ഒമ്പതംഗ ബെഞ്ച് മുമ്പാകെ അവതരിപ്പിച്ചു.
ഇരുകക്ഷികളുടെയും വാദം പൂര്‍ത്തിയായെന്നും വിധി പ്രഖ്യപന ദിവസം അറിയിക്കുമെന്നും ബെഞ്ചിന്റെ തലവന്‍ റൂണി അബ്രഹാം അറിയിച്ചു. ജാദവിനു വധശിക്ഷ വിധിച്ച പാക് പട്ടാള കോടതിയുടെ നടപടി വിയന്ന കരാറിന്റെ ലംഘനമാണെന്നു ഇന്ത്യ വാദിച്ചു. ജാദവിനു നിയമസഹായം ലഭ്യമാക്കാന്‍ പാകിസ്താന്‍ ശ്രമിച്ചില്ല. അതിനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ അപേക്ഷകളെല്ലാം അവര്‍ നിരസിച്ചു. നിയമവിരുദ്ധമാണ് അറസ്റ്റ്. അദ്ദേഹത്തെ പിടികൂടിയ സംഭവം ഔദ്യോഗികമായി കുടുംബത്തെയോ ഇന്ത്യയെയോ അറിയിച്ചില്ല. മാധ്യമങ്ങളിലൂടെയാണ് അറസ്റ്റ് വിവരം അറിഞ്ഞത്. മറ്റൊരുസ്ഥലത്തു നിന്നു തട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയാണ് പാകിസ്താന്‍ ചെയ്തതെന്നും ഇന്ത്യ ആരോപിച്ചു. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്കു വേണ്ടി വാദമുഖങ്ങള്‍ നിരത്തിയത്.
വിദേശകാര്യ മന്ത്രാലയത്തിലെ ഡോ. ദീപക് മിത്തലും ഡോ.വി.ഡി ശര്‍മയും ഉള്‍പ്പെടെ നാലംഗ സംഘം ഹരീഷ് സാല്‍വെയെ കോടതിയില്‍ സഹായിച്ചു. യാദവിന്റെ വധശിക്ഷ പാകിസ്താന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സാധ്യതയുണ്ട്. അതീവ ഗൗരവമായ വിഷയമാണ് ഇതെന്നും വധശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സാല്‍വേ ആവശ്യപ്പെട്ടു. ജാദവിന് അഭിഭാഷകനെ നിയമിച്ചിരുന്നുവെങ്കില്‍ വിചാരണ അവസാനിക്കാന്‍ ആകുമായിരുന്നു. പാക് പട്ടാള കോടതിയില്‍ കസ്റ്റഡിയില്‍ കഴിയവെ ബലംപ്രയോഗിച്ചാണ് യാദവിന്റെ കുറ്റസമ്മത വിഡിയോ പാകിസ്താന്‍ ഉണ്ടാക്കിയത്. അതിനാല്‍ കുറ്റസമ്മത മൊഴിക്കു നിലനില്‍പ്പില്ലെന്നും ഇന്ത്യ വാദിച്ചു.
ഇന്ത്യയുടെ വാദം അവസാനിച്ച ഉടന്‍ പാകിസ്താനും നിലപാട് അറിയിച്ചു. മുസ്‌ലിം പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ടില്‍ ജാദവ് ഇറാനിലും പാകിസ്താനിലും നിയമവിരുദ്ധമായി സഞ്ചരിച്ചുവെന്ന് പാകിസ്താന്‍ വാദിച്ചു. ജാദവ് ഭീകരന്‍ അല്ലെന്നു സമര്‍ഥിക്കുന്ന ചെറിയൊരു തെളിവു പോലും ഇന്ത്യ സമര്‍പ്പിച്ചിട്ടില്ല. നിയമവിരുദ്ധമായും വ്യാജ പാസ്‌പോര്‍ട്ടിലുമാണ് ജാദവ് പാകിസ്താനിലെത്തിയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനുപിടിക്കപ്പെട്ടവരെ കൈകാര്യം ചെയ്യുന്നതിന് ഓരോ രാജ്യത്തിനും അവകാശമുണ്ട്.
ചാരപ്രവര്‍ത്തനത്തിനു പിടിക്കപ്പെട്ടതിനാല്‍ സാധാരണ വിദേശപൗരനു ലഭിക്കുന്ന ഇളവുകള്‍ക്ക് യാദവ് അര്‍ഹനല്ല. ഇന്ത്യയുടെ ഹരജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാകിസ്താന്‍ വാദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഖവാര്‍ ഖുറേഷിയും അറ്റോണി ജനറല്‍ അസ്താര്‍ ഔസാഫും യൂറോപ്യന്‍ അഭിഭാഷകനും ഉള്‍പ്പെടെ ആറംഗസംഘമാണ് പാകിസ്താനു വേണ്ടി ഹാജരായത്. 18 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഒരു കേസില്‍ എതിര്‍ കക്ഷികളാകുന്നത്. കോടതി നടപടിക്രമങ്ങള്‍ യു.എന്‍ വെബ്‌സൈറ്റില്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."