വിദേശത്ത് നിന്നുള്ള തീര്‍ഥാടകരുടെ വരവ് തുടങ്ങി
സ്വന്തം ലേഖകന്‍
ജിദ്ദ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉംറയും റൗദ ശരീഫിലെ സിയാറത്തും പഴയരീതിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി വിദേശത്തുനിന്നുള്ള തീര്‍ഥാടകരുള്‍പ്പെടെ മൂന്നാം ഘട്ട ഉംറ തീര്‍ഥാടനത്തിന് തുടക്കമായി. വിദേശ തീര്‍ഥാടകരായി ഇന്തോനേഷ്യയില്‍നിന്നുള്ളവര്‍ക്കാണ് ആദ്യ അനുമതി. ഇന്തോനേഷ്യയില്‍നിന്ന് ഉംറ തീര്‍ഥാടകരുമായുള്ള ആദ്യ വിമാനം ഇന്നലെ ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങി. ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ടാണ് തീര്‍ഥാടകരെ വിമാനത്താവളത്തിന് പുറത്തു ഇറക്കിയത്.
ദിനേ പതിനായിരത്തോളം ഉംറ തീര്‍ഥാടകര്‍ക്ക് വീതമാണ് അനുമതി നല്‍കുകയെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് അറിയിച്ചു.
മൂന്നാം ഘട്ടത്തില്‍ ദിനംപ്രതി ഇരുപതിനായിരം പേര്‍ക്ക് വീതമാണ് ഉംറക്ക് അനുമതി. ഇതില്‍ പകുതിയോളം പേര്‍ സഊദിക്കകത്തുനിന്നും ബാക്കി വിദേശത്തുനിന്നുമായിരിക്കും. വിദേശി തീര്‍ഥാടകരുടെ സഊദിയിലെ താമസ കാലം പത്തു ദിവസമായിരിക്കും. ഇന്നു മുതല്‍ 20,000 ഉംറ തീര്‍ഥാടകര്‍ക്കു പുറമെ 60,000 പേര്‍ക്ക് ഹറമിലെ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനും അനുമതി നല്‍കും.
ഓരോ രാജ്യത്തിന്റെയും കൊവിഡ് വ്യാപന തോത്, രോഗമുക്തി നിരക്ക്, ബാധകമാക്കിയ മുന്‍കരുതല്‍ നടപടികള്‍, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയാക്കും വിദേശ രാജ്യക്കാരായവര്‍ക്ക് ഉംറക്ക് അനുമതി നല്‍കുക.
മാതൃ രാജ്യത്തു നിന്ന് 72 മണിക്കൂര്‍ മുന്‍പ് പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവര്‍ക്കേ സഊദിയിലേക്ക് പ്രവേശനമുള്ളൂ.
വിദേശ തീര്‍ഥാടകര്‍ മൂന്നു ദിവസം മക്കയില്‍ ക്വാറന്റൈനില്‍ കഴിയണം. കൊവിഡ് പരിശോധന നെഗറ്റീവ് ആയെങ്കിലേ ഉംറ അനുവദിക്കൂ. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."