തെരഞ്ഞെടുപ്പ് വിജയം നേരത്തെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് ട്രംപ്
വാഷിങ്ടണ്‍: ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പേ വിജയിച്ചതായി സ്വയം പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം നിയമയുദ്ധത്തിലേക്ക് കടക്കുമെന്ന സൂചന ട്രംപ് നല്‍കിയിട്ടുണ്ട്.
നവംബര്‍ മൂന്നിനാണ് യു.എസില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും വോട്ടെണ്ണി തീര്‍ക്കാന്‍ സമയമെടുക്കും. ഇതിനെയാണ് ട്രംപ് കഴിഞ്ഞദിവസങ്ങളില്‍ ചോദ്യംചെയ്തത്. നവംബര്‍ മൂന്നിന് തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും ഫലം ഒരാഴ്ച കഴിഞ്ഞ് വന്നാല്‍ പോരെന്നുമാണ് ട്രംപിന്റെ വാദം. വോട്ടെടുപ്പിനു ശേഷം നിയമപരമായി നീങ്ങുമെന്നും ട്രംപ് പറഞ്ഞു.
വോട്ടെടുപ്പിന്റെ അന്നു രാത്രി തന്നെ മുന്‍കാലങ്ങളില്‍ ഫലം വന്നിരുന്നുവെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ പലയിടങ്ങളില്‍ പല ദിവസങ്ങളിലായാണ് അന്തിമഫലം പ്രഖ്യാപിക്കാറുള്ളത്. വോട്ടെടുപ്പ് രാത്രികളില്‍ വരാറുള്ള ഫലമാകട്ടേ, ഭാഗികമായ എണ്ണത്തെ അടിസ്ഥാനമാക്കി വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ഫലമാണ്. പക്ഷേ, ഈ സമയത്ത് പലയിടങ്ങളിലും വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."