തേന്‍ ശുദ്ധമോ, മായം ചേര്‍ത്തതോ? എങ്ങനെ കണ്ടെത്താം?
പഞ്ചസാരയ്ക്ക് നല്ലൊരു പകരക്കാരനാണ് തേന്‍. ഈ പ്രകൃതിദത്തമായ ചേരുവ നിങ്ങളുടെ ജീവിതത്തെ മധുരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് ധാതുക്കള്‍,പോഷകങ്ങള്‍,സജീവ എന്‍സൈമുകള്‍ എന്നിവയും പ്രധാനം ചെയ്യുന്നു. തേനിന്റെ ഉപയോഗത്തിലൂടെ ഈ ഗുണങ്ങള്‍ ആസ്വദിച്ചറിയാന്‍ വാങ്ങുന്നതിന് മുന്‍പ് തന്നെ അതിന്റെ ശുദ്ധതയെക്കൂടി പരിഗണിക്കേണ്ടതുണ്ട്. തേനുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നവും അതിന്റെ ശുദ്ധതയാണ്.
നല്ലതും ശുദ്ധവുമായ തേന്‍ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണ്. മറ്റു പല ക്രയവസ്തുക്കളെയും പോലെ തേനിലും മായം ചേര്‍ക്കല്‍ സാധാരണമാണ്. തേനിനോടൊപ്പം കൂടിയ അളവില്‍ ഗ്ലൂക്കോസ് ലായനി,ഫ്രക്‌റ്റോസ് കോണ്‍ സിറപ്പ് മറ്റു ചേരുവകള്‍ എന്നിവ ചേര്‍ക്കുന്നതിലൂടെ ഉപഭോക്താക്കളെ എളുപ്പത്തില്‍ വഞ്ചിക്കാവുന്നതാണ്. തേന്‍ സൂക്ഷിച്ചിരിക്കുന്ന പാത്രത്തിന്റെ അടപ്പ് നീക്കുമ്പോള്‍ ഒരു ചെറിയ പൊട്ടല്‍ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ തേനില്‍ മായം കലര്‍ന്നിരിക്കുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഗുണമേന്മയുള്ള തേന്‍, തേനീച്ചയില്‍ നിന്നു മാത്രമേ ശേഖരിക്കാന്‍ സാധിക്കുകയുള്ളൂ. ഗുണമേന്മ കണ്ടെത്താനുള്ള ആദ്യ പടിയായി ചേരുവകളുടെ പട്ടിക വായിച്ചുനോക്കാം. റോ,നാച്ചുറല്‍,ഫോറസ്റ്റ് ഹണി,ഓര്‍ഗാനിക് എന്നിങ്ങനെയുണ്ടെങ്കില്‍ സാധാരണ ഉപയോഗിക്കുന്ന തേനിനേക്കാള്‍ സുരക്ഷിതമാണെന്ന് ഊഹിക്കാം. ചേരുവപ്പട്ടിക അല്‍പ്പം മോടിപിടിപ്പിച്ചതാകുമ്പോള്‍ ഈ തരത്തില്‍ ശുദ്ധത കണ്ടുപിടിക്കല്‍ ബുദ്ധിമുട്ടാകും.
തേനിന്റെ ശുദ്ധത കണ്ടെത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍
1 -തമ്പ് ടെസ്റ്റ്
ചെറിയ അളവില്‍ തേന്‍ എടുത്ത് തള്ളവിരലിന്റെ പ്രതലത്തിലായി വയ്ക്കുക. മറ്റു ദ്രാവകങ്ങളെപ്പോലെ താഴേക്ക് ഒഴുകുന്നുവെങ്കില്‍ ഇത് തേനിലെ മായത്തെ സൂചിപ്പിക്കുന്നു. ശുദ്ധമായ തേന്‍ പ്രതലത്തില്‍ നിന്നും ഒഴുകില്ല. മായം കലര്‍ന്ന തേനില്‍ ചേര്‍ന്നിരിക്കുന്ന പഞ്ചസാരയുടെ സാന്നിധ്യം തേനിന്റെ സ്വാദ് ഏറെ നേരം വായയില്‍ തങ്ങിനില്‍ക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
2 വാട്ടര്‍ ടെസ്റ്റ്
ഒരു ടീസ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. മായം കലര്‍ന്ന തേന്‍ വെള്ളത്തില്‍ ലയിച്ചു ചേരും എന്നാല്‍ ശുദ്ധമായ തേന്‍ ഗ്ലാസിന്റെ അടിയില്‍ കട്ടിയായി തന്നെ ലയിക്കാതെ കിടക്കും.
3 - ഫ്‌ളെയിം ടെസ്റ്റ്
തേനിന്റെ ജ്വലിക്കാനുള്ള കഴിവിനെക്കുറിച്ച് ആരും വേണ്ടത്ര ബോധവാന്മാരല്ല. ഈ ടെസ്റ്റിന്റെ അപകടസാധ്യത കൂടി കണക്കിലെടുത്തു വേണം ഇത് ചെയ്യാന്‍. ഉണങ്ങിയ ഒരു തീപ്പെട്ടിക്കൊള്ളിയെടുത്ത് തേനില്‍ മുക്കി തീപ്പെട്ടിയില്‍ ഉരച്ചുനോക്കുക. കത്തുന്നുവെങ്കില്‍ തേന്‍ ശുദ്ധമാണ്. കത്തുന്നില്ലായെങ്കില്‍ മായം ചേര്‍ത്ത തേന്‍ ആണെന്നു മനസ്സിലാക്കാം. മായം ചേര്‍ത്ത തേനില്‍ അടങ്ങിയിട്ടുള്ള ഈര്‍പ്പമാണ് ഇതിന് കാരണം.
4 - വിനാഗിരി ടെസ്റ്റ്
ഒരു ടേബിള്‍സ്പൂണ്‍ തേന്‍,കുറച്ച് വെള്ളം,2-3 തുള്ളി വിനാഗിരി എസ്സന്‍സ് എന്നിവ ചേര്‍ത്തിളക്കുക. മിശ്രിതത്തില്‍ നിന്നും നുരകള്‍ ഉണ്ടാകുന്നുവെങ്കില്‍ തേനില്‍ കൂടിയ അളവില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന സൂചന നല്‍കുന്നു.
5-ഹീറ്റ് ടെസ്റ്റ്
തേന്‍ ചൂടാക്കുമ്പോള്‍ പത വരാതെ കറുപ്പ് നിറമായി മാറുന്നുവെങ്കില്‍ അത് ശുദ്ധമായ തേനിനെ സൂചിപ്പിക്കുന്നു. മറിച്ച് നിറംമാറ്റം സംഭവിക്കാതെ കുമിളകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുവെങ്കില്‍ അതില്‍ മായം ചേര്‍ന്നിട്ടുണ്ടെന്നും മനസ്സിലാക്കാം.
തേനിന്റെ ഭൗതിക ഗുണങ്ങള്‍ മനസ്സിലാക്കിയും ശുദ്ധത കണക്കാക്കാം.ശുദ്ധമായ തേന്‍ കട്ടികൂടിയതും സാവധാനം ഇറ്റിറ്റു വീഴുന്നതുമായിരിക്കും. കലര്‍പ്പില്ലാത്ത തേന്‍ കഴിക്കുമ്പോള്‍ തൊണ്ടയുടെ ഭാഗങ്ങളിലായി നേര്‍ത്ത എരിവ് അനുഭവപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."