പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണം: കിറ്റ്‌കോയ്‌ക്കെതിരേ അന്വേഷണം
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലനിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് കിറ്റ്‌കോയ്‌ക്കെതിരേ അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു. കിറ്റ്‌കോ നടത്തിയ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും അന്വേഷണപരിധിയില്‍ വരും. ഇതുസംബന്ധിച്ച് വ്യവസായ മന്ത്രിക്ക് കത്തുനല്‍കും.
വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ പാലത്തിന്റെ രൂപകല്‍പനയില്‍ കുഴപ്പം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി നിര്‍മാണത്തിലും പാകപ്പിഴ സംഭവിച്ചു. നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോയുടെ മേല്‍നോട്ടം പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തി. വന്‍തുക കമ്മിഷന്‍ വാങ്ങിയാണ് പല പ്രവര്‍ത്തികളും ഇവിടെ നടന്നത്. ആവശ്യത്തിന് സിമന്റ്, കമ്പി എന്നിവ ഉപയോഗിച്ചില്ല. ഗുണനിലവാരമില്ലാത്ത നിര്‍മാണസാമഗ്രികളാണ് കരാറുകാര്‍ ഉപയോഗിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് 13 തവണ ഡയരക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും നിര്‍മാണം സംബന്ധിച്ച് യാതൊന്നും അന്വേഷിച്ചില്ല. ഭരണപരമായ വീഴ്ച ഇതില്‍ നിന്ന് വ്യക്തമാണ്. മേല്‍നോട്ടം വഹിച്ചവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറെ നടന്നെങ്കിലും പി.ഡബ്ലു.ഡി മാന്വലിന് വിരുദ്ധമായാണ് ഏറെയും നടന്നത്. കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട പണികള്‍ സംസ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പണിത പാലങ്ങളെയോ റോഡുകളെയോ സംബന്ധിച്ച് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്തുകയും ക്രമക്കേട് ബോധ്യപ്പെട്ടാല്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുമെന്നും മന്ത്രി അറിയിച്ചു.
വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍
മുന്‍ സര്‍ക്കാര്‍ അവഗണിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതിയെന്ന് വ്യക്തമാക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി നിയമസഭയില്‍.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി മുന്‍ സര്‍ക്കാരിന്റെ കാലത്തെ വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ സഭയില്‍ അവതരിപ്പിച്ചത്.
അന്നത്തെ പൊതുമരാമത്ത് മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരില്‍ ചീഫ് എന്‍ജിനീയര്‍മാരും സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരും കൈക്കൂലി വാങ്ങിയിരുന്നുവെന്ന് 2015ല്‍ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും പേരില്‍ പിരിക്കുന്ന പണം അവര്‍തന്നെ കൈകാര്യം ചെയ്യുകയാണോ മുകളിലേക്ക് കൈമാറുന്നുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ഞെട്ടിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്.
അഴിമതി കാണിച്ചവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. പൊതുമരാമത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിച്ച വിജിലന്‍സ് ഡിവൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല.
മരാമത്ത് പണികളുടെ ബില്‍ തയാറാക്കുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ട കൈക്കൂലിയുടെ ശതമാനം നിശ്ചയിക്കുന്നു, പണി പൂര്‍ത്തീകരിക്കാതെ ബില്‍ പാസാക്കി കൈക്കൂലി വാങ്ങുന്നു, പുതുക്കിയതും പെരുപ്പിച്ചതുമായ എസ്റ്റിമേറ്റ് തയാറാക്കി കൈക്കൂലി വാങ്ങുന്നു, ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ മറിച്ചുവില്‍ക്കുന്നു, ഉദ്യോഗസ്ഥ സ്ഥലമാറ്റത്തിനും നിയമത്തിനും കൈക്കൂലി വാങ്ങുന്നു തുടങ്ങിയ ഒന്‍പത് കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."