സിസ്റ്റര്‍ അഭയയുടെ പിതാവ് യാത്രയായത് അന്തിമ വിധിക്ക് കാത്തു നില്‍ക്കാതെ
കോട്ടയം: സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിന്റെ അന്തിമ വിധിയെത്തുന്നതിന് മുമ്പ് കന്യാസ്ത്രീയുടെ പിതാവ് അന്തരിച്ചു.
അന്തിമ വിധിയിലേക്കെത്തുന്നതിനാവശ്യമായ നിയമ പോരാട്ടങ്ങള്‍ നടത്തിയ ശേഷമാണ് കോട്ടയം അരീക്കര ഐക്കരക്കുന്നേല്‍ തോമസ് മാത്യു(72) മരണത്തിന് കീഴടങ്ങിയത്.സംസ്‌കാരം ഇന്ന് അരീക്കര സെന്റ് റോക്കീസ് പള്ളി സെമിത്തേരിയില്‍. മൃഗസംരക്ഷണവകുപ്പ് മുന്‍ജീവനക്കാരനാണ്.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് 5.55ന് തലയോലപ്പറമ്പ് പൊതി മേഴ്‌സി ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം മോനിപ്പള്ളി എംയുഎം ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ലീലാമ്മ. മകന്‍: ബിജു. മരുമകള്‍: നോബി.1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിന്റെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മകളുടെ ദുരൂഹമരണത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തോമസ് ദീര്‍ഘകാലം നിയമയുദ്ധം നടത്തിയിരുന്നു.
ഇടക്കാലത്ത് അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐയുടെ നീക്കത്തെ ചോദ്യം ചെയ്ത് ഇദ്ദേഹം കോടതിയെ സമീപിച്ചിരുന്നു.
സി.ബി.ഐ നീക്കം കോടതി തടയുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിക്ക് കാത്തുനില്‍ക്കാതെയാണ് തോമസ് യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."