സമൂഹ മാധ്യമങ്ങള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണ രംഗത്ത് സജീവമായ ഇടപെടലുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടികളുടെ തീരുമാനം.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള ചവിട്ടുപടിയായത് സമൂഹ മാധ്യമങ്ങളായിരുന്നു. എന്നാല്‍ അന്നത്തെ കാലാവസ്ഥയില്‍ നിന്ന് വലിയ മാറ്റമാണ് 2019ലെ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതൃത്വ സ്ഥാനത്തുള്ള കോണ്‍ഗ്രസ് സൈബര്‍ സൈന്യം രൂപീകരിച്ച് അതിശക്തമായ പ്രചാരണത്തിനാണ് തയാറെടുത്തിരിക്കുന്നത്.
വാര്‍ റൂം സജ്ജമാക്കിയ കോണ്‍ഗ്രസും ബി.ജെ.പിയും പതിനായിരത്തിലധികം വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് പ്രചാരണം നടത്തുന്നത്. പ്രത്യേക പരിശീലനം സിദ്ധിച്ച ഇവര്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജനങ്ങളുമായി സംവദിക്കുന്നത്. ആം ആദ്മി പാര്‍ട്ടി, സി.പി.എം അടക്കമുള്ള പാര്‍ട്ടികളും വാര്‍ റൂം സജ്ജമാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായതെങ്ങനെയന്ന കാര്യത്തില്‍ പാഠം പഠിച്ച കോണ്‍ഗ്രസ്, പുതിയ തന്ത്രവുമായാണ് 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് പ്രവേശിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോം നേരത്തെ തന്നെ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഡിജിറ്റല്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് സമൂഹ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും സമൂഹ മാധ്യമ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ജില്ലാ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഫേസ് ബുക്കിലൂടെ പാര്‍ട്ടിയുമായുള്ള പൊതുജനങ്ങളുടെ ഇടപെടല്‍ സജീവമാക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. വാട്‌സ് ആപ്പ് നമ്പറും ജനങ്ങള്‍ക്ക് മുന്‍പില്‍ പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ചിട്ടുണ്ട്.
ബി.ജെ.പിയാണ് ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലൂടെ തെരഞ്ഞെടുപ്പ് രംഗത്ത് നേട്ടമുണ്ടാക്കാനാകുമെന്ന കാര്യം തെളിയിച്ചത്. അടുത്ത തെരഞ്ഞെടുപ്പിലും ഡിജിറ്റല്‍ രംഗം സജീവമാക്കി നിര്‍ത്താനാണ് നേതൃത്വത്തിന്റെ തീരുമാനമെന്ന് ബി.ജെ.പി ദേശീയ വിവര സാങ്കേതിക വിഭാഗം ഇന്‍ ചാര്‍ജ് അമിത് മാളവ്യ പറഞ്ഞു.
സി.പി.എമ്മും എ.എ.പിയും ഡിജിറ്റല്‍ രംഗത്ത് സജീവ സാന്നിധ്യമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."