സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി;ജില്ലയില്‍ പ്രവര്‍ത്തനം അവസാന ഘട്ടത്തില്‍
തൊടുപുഴ: ജില്ലയിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ നടപടികള്‍ അവസാന ഘട്ടത്തില്‍. വൈദ്യുതി വിതരണത്തിനുള്ള 90 ശതമാനം നടപടികളും പൂര്‍ത്തിയായതായാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍.
സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി 9811 വീടുകളിലാണ് ഇത്തവണ വൈദ്യുതി വകുപ്പ് വെളിച്ചമെത്തിക്കുന്നത്.
സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലായായി ഇടുക്കിയെ മാറ്റുന്നതിനുള്ള വൈദ്യുത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി. മാര്‍ച്ച് 31 ന് വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതിനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് നടപ്പിലാക്കുവാന്‍ കഴിഞ്ഞില്ല. വനപ്രദേശങ്ങളിലൂടെ വൈദ്യുത ലൈന്‍ വലിയ്ക്കുന്നതിന് വനം വകുപ്പ് തടസ്സംനിന്നതാണ് ഇതിന് പ്രധാന കാരണം. തുടര്‍ന്ന് വകുപ്പ് എം. എം. മണി നേരിട്ട് ഇടപെടുകയും തടസ്സങ്ങള്‍ നീക്കി സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുകയായിരുന്നു. ഈ മാസം അവസാനത്തോടെ കേരളത്തിലെ മറ്റ് ജില്ലകള്‍ക്കൊപ്പം ഇടുക്കിയേയും സമ്പൂര്‍ണ വൈദ്യൂതികരണ ജില്ലയായി പ്രഖ്യാപിക്കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇടുക്കി മണ്ഡലത്തില്‍ 843, തൊടുപുഴയില്‍ 658, ഉടുമ്പന്‍ചോലയില്‍ 1069, ദേവികുളത്ത് 6113, പീരുമേട്ടില്‍ 1131 വീടുകളിലാണ് വൈദ്യുതി എത്തിച്ച് നല്‍കേണ്ടത്. ഇതില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ 295 വൈദ്യുതി സെക്ഷന്‍ ഓഫീസുകളാണുള്ളത്.
വണ്ടന്മേട്, അണക്കര, മറയൂര്‍, ചിത്തിരപുരം, രാജകുമാരി തുടങ്ങിയ സെക്ഷനുകളില്‍ മികച്ച പ്രവര്‍ത്തനം നടന്നതായിട്ടാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."