എന്ത് അന്വേഷണമാണ് നടന്നതെന്ന് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ എന്ത് അന്വേഷണമാണ് നടന്നതെന്നു ഹൈക്കോടതി. ഒരു പ്രതിയെയും അറസ്റ്റു ചെയ്യാന്‍ പൊലിസിനായില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയില്‍ കീഴടങ്ങിയ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തുക മാത്രമാണ് പൊലിസ് ചെയ്തത്. കേസിലെ പ്രതികള്‍ക്ക് കീഴ്ക്കോടതിയില്‍ കീഴടങ്ങുന്നതിനു സി.പി.എം സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നുവെന്ന ഹരജി ഭാഗം അഭിഭാഷകന്റെ വാദത്തെ തുടര്‍ന്നാണ് കോടതി അറസ്റ്റ് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്.
ഒരു പ്രതിയെ പോലും പിടിക്കാനാകാത്തത് അന്വേഷണം ശരിയായ നിലയിലല്ല നടക്കുന്നതെന്നതിനു തെളിവാണെന്നും ഹരജിക്കാര്‍ വാദിച്ചു. സീല്‍ ചെയ്ത ചാക്കിലുള്ള ആയുധങ്ങള്‍ എന്തുകൊണ്ടു ഫോറന്‍സിക് സര്ജന് പരിശോധിച്ചില്ലെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കണ്ടെടുത്ത ആയുധവും കൊല്ലപ്പെട്ടവരുടെ മുറിവുകളുമായി ബന്ധപ്പെട്ട വിദഗ്ധ അഭിപ്രായം രേഖപ്പടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്നു ഹരജിഭാഗം അഭിഭാഷകന് ടി. ആസിഫലി കോടതിയില്‍ ബോധിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ രക്തക്കറ പുരണ്ട ആയുധങ്ങള്‍ വിദഗ്ധ പരിശോധന നടത്തി മുറിവുകളുമായുള്ള താരതമ്യം അന്വേഷണത്തില്‍ ഉണ്ടായില്ലെന്നും ഹരജിഭാഗം ആരോപിച്ചു.കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കാള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയിലെ വാദത്തിനിടെയാണ് കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. ഹരജി 10 ദിവസത്തിനു ശേഷം പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."