പ്രളയ ദുരിതം: കേരളത്തിനുള്ള സാമ്പത്തിക സഹായം യു.എ.ഇ പുനഃപരിശോധിച്ചേക്കും
ന്യൂഡല്‍ഹി: പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനം യു.എ.ഇ പുനഃപരിശോധിച്ചേക്കും. വിദേശ രാജ്യങ്ങളില്‍ നിന്ന് ദുരിതാശ്വാസത്തിനുള്ള സഹായധനം കൈപ്പറ്റേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണമെന്നാണ് വിവരം.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌ലന്‍ഡ് കമ്പനികള്‍ കേരളത്തിനു ദുരിതാശ്വാസ സഹായം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തായ് സ്ഥാനപതി ചുതിന്തോണ്‍ ഗോങ്‌സക്തിയോടു വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അനൗദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. അക്കാര്യം അദ്ദേഹം ട്വിറ്ററില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സഹായവുമായി മുന്നോട്ടുപോകുന്നത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കുമെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍.
വിദേശരാജ്യങ്ങളോടു നേരിട്ടു സഹായം സ്വീകരിക്കില്ലെന്നും ഫൗണ്ടേഷനുകള്‍ മുഖേനയുള്ള നടപടികള്‍ക്കു തടസമില്ലെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് യു.എ.ഇ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ഖലീഫ ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കാനും തീരുമാനിച്ചിരുന്നു. സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുന്ന രേഖകളും യു.എ.ഇ ശേഖരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ നിലപാടിനോട് വിയോജിക്കുന്നത് ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്ന ആശങ്കയുള്ളതുകൊണ്ട് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.
യു.എ.ഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലിയില്‍നിന്ന് വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണു വിവാദം ഉടലെടുത്തത്. വിദേശ സഹായം വാങ്ങില്ലെന്നാണു 2004 മുതലുള്ള നയമെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."