സ്‌കൂള്‍ കലോത്സവം: സംഘാടനം തീരുമാനിക്കാന്‍ മാന്വല്‍ കമ്മിറ്റി ഇന്ന് ചേരും
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവുകുറച്ച് സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കലോത്സവ മാന്വല്‍ കമ്മിറ്റി ഇന്നു യോഗം ചേരും. ഈ വര്‍ഷം കലോത്സവ മാന്വലില്‍ വരുത്തേണ്ട മാറ്റങ്ങളും വിവിധ തലങ്ങളിലെ മേളകളുടെ തിയതിയും ഇന്നു പൊതുവിദ്യാഭ്യാസ ഡയരക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ നിശ്ചയിക്കും. കലോത്സവം ഏപ്രിലിലേക്കു മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടമായതിനാല്‍ ഇക്കാര്യം പരിഗണിക്കാനിടയില്ല.
കലോത്സവം ഒഴിവാക്കുന്നതിലൂടെ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ നഷ്ടമാകുമെന്ന വിമര്‍ശമുയര്‍ന്നതിനെ തുടര്‍ന്ന് ആഘോഷങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി സ്‌കൂള്‍ മേളകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന കലോത്സവവേദി ആലപ്പുഴയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലാ ആസ്ഥാനങ്ങളും വേദിയായി പരിഗണിക്കാനിടയുണ്ട്.
ഗ്രേസ് മാര്‍ക്കില്ലാത്ത എല്‍.പി, യു.പി കലോത്സവങ്ങള്‍ സ്‌കൂള്‍തലത്തില്‍ ഒതുങ്ങും. ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളില്‍ ഉദ്ഘാടനവും സമാപനസമ്മേളനവും ഉണ്ടാകില്ല. സംസ്ഥാന കലോത്സവത്തില്‍ സംഘാടക സമിതികളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചേക്കും. സ്വീകരണ കമ്മിറ്റി മുതല്‍ മീഡിയാ കമ്മിറ്റികള്‍വരെ പല സമിതികളും ഉണ്ടാകില്ല.
പ്രധാനവേദിക്കായി ലക്ഷങ്ങള്‍ മുടക്കിയുള്ള പന്തലുണ്ടാകില്ല. വേദികളുടെ എണ്ണം കുറയ്ക്കും. കൂടുതല്‍ ഹാളുകളും കലാലയങ്ങളുമുള്ള നഗരങ്ങളെയാണു വേദിക്കായി പരിഗണിക്കുന്നത്. കലോത്സവവേദികളില്‍ സാധാരണയുണ്ടാകാറുള്ള സദ്യ ഉണ്ടാകില്ല. എന്നാല്‍, പൊതുജന പങ്കാളിത്തത്തോടെ ഭക്ഷണമൊരുക്കുന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
മുഴുവന്‍ കലോത്സവവേദികളിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു തുക സ്വരൂപിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."