ജെ.എന്‍.യു ചുവന്നുതന്നെ: നാല് സീറ്റും നേടി ഇടതുസഖ്യം
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ഉന്നത കലാലയങ്ങളിലൊന്നായ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി(ജെ.എന്‍.യു)യില്‍ വിദ്യാര്‍ഥി യൂനിയന്‍ വീണ്ടും ഇടതുസഖ്യത്തിന്. ആകെയുള്ള നാലുസീറ്റുകളും ഇടതുസഖ്യം നേടി. എല്ലാ സീറ്റിലും എ.ബി.വി.പിയാണു രണ്ടാംസ്ഥാനത്ത്.
അവസാന കണക്കുകള്‍ പ്രകാരം 5,185 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍. സായ് ബാലാജി 2,167 വോട്ടുകള്‍ നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 982 വോട്ടുകളാണ് എ.ബി.വി.പിയുടെ ലളിത് പാണ്ഡെ നേടിയത്. 2,692 വോട്ടുകള്‍ നേടി ശാരിക ചൗധരി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എ.ബി.വി.പിയുടെ ഗീത ശ്രീക്ക് 1,012 വോട്ടുകള്‍ ലഭിച്ചു. ഐജാസ് അഹമ്മദ് ആണ് ജനറല്‍ സെക്രട്ടറി. 2,423 വോട്ടുകള്‍ ഐജാസ് നേടിയപ്പോള്‍ എതിര് സ്ഥാനാര്‍ഥി എ.ബി.വി.പിയുടെ ഗണേഷിന് 1,123 വോട്ടുകളാണ് ലഭിച്ചത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് സ്വദേശിനി അമുദ ജയദീപ് 1,839 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള എ.ബി.വി.പിയുടെ വെങ്കട്ട് ചൗബേയ്ക്ക് 1,116 വോട്ടുകളാണ് ലഭിച്ചത്.
എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, ആള് ഇന്ത്യാ സ്റ്റുഡന്‍സ് അസോസിയേഷന്(ഐസ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നീ സംഘടനകളാണ് ഇടതുസഖ്യത്തിലുള്ളത്. എന്‍.എസ്.യു.ഐ, ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന് (ബാപ്സ), ആര്.ജെ.ഡി എന്നീ സംഘടനകളും മത്സരിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബാപ്സ മൂന്നും ആര്.ജെ.ഡി നാലും എന്‍.എസ്.യു.ഐ അഞ്ചും സ്ഥാനത്തെത്തി. മറ്റു സ്ഥാനങ്ങളില്‍ ബാപ്സ മൂന്നും എന്‍.എസ്.യു.ഐ നാലും സ്ഥാനത്താണുള്ളത്.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ 67.8 ശതമാനം പേരാണ് വോട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."