മഴയെ കൊയ്‌തെടുക്കാം
'നിങ്ങള്‍ കുടിക്കാറുള്ള വെള്ളത്തെക്കുറിച്ച് എന്തു പറയുന്നു, നിങ്ങളാണോ മേഘത്തില്‍നിന്ന് അത് താഴെയിറക്കിയത്, അല്ല നാമാണോ പറയുക, നിങ്ങള്‍ക്കു ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉള്‍വലിഞ്ഞാല്‍ നിങ്ങള്‍ക്കാര് ശുദ്ധജലം കൊണ്ടുതരും'- വിശുദ്ധ ഖുര്‍ആന്‍.
'നമ്മുടെ വീട്ടിലെ മഴവെള്ളം നമ്മുടെ ഭൂമിയില്‍ താഴ്ത്തും' ഈ മുദ്രാവാക്യം ഉയര്‍ത്താന്‍, മരുഭൂമിയാക്കപ്പെടുന്നുവോ എന്ന് സംശയിക്കേണ്ട കേരളത്തിന്റെ മണ്ണില്‍ ജീവിക്കുന്നവര്‍ ഇനിയും വൈകിക്കൂടാ. നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു ജലം. ജലമില്ലെങ്കില്‍ നാമില്ല. പഞ്ചഭൂതങ്ങളില്‍ ഏറ്റവും പ്രാധാന്യം ജലത്തിനു തന്നെയാണ്. ജലമുള്ള സ്ഥലത്തു മാത്രമേ ഏതൊരു ജീവജാലത്തിനും നിലനില്‍പ്പുള്ളൂ. അതുകൊണ്ടാണല്ലോ സൗരയൂഥത്തിലെ ജലമുള്ള ഏക ഗ്രഹമായ ഭൂമിയില്‍ മാത്രം ജീവന്റെ തുടിപ്പുള്ളത്.
നമ്മുടെ കേരളം ജലസ്രോതസുകളാല്‍ സമ്പന്നമാണ്. കേരളത്തില്‍ 44 നദികളും 34 കായലുകളുമുണ്ട്. എന്നിട്ടും ഉഷ്ണത്തെയും ജലക്ഷാമത്തെയും ചൊല്ലി നിലവിളിക്കുന്ന ജനതയായി നാം മാറിയതില്‍ അതിശയമുണ്ട്.
ജലസംരക്ഷണത്തെക്കുറിച്ച് വേണ്ടത്ര അവബോധം ജനങ്ങളില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. 66 ലക്ഷത്തോളം കിണറുകളാണ് കേരളത്തിലുള്ളത്. രണ്ടരക്കോടി ജനങ്ങള്‍ കുടിവെള്ളത്തിനായും മറ്റും ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട്, കുറഞ്ഞ സമയം കൂടിയ അളവില്‍ മഴ ലഭിക്കുന്ന നാടാണ് കേരളം. 3000 മില്ലി മീറ്റര്‍ മഴ പെയ്യുന്ന കേരളത്തില്‍ പകുതിയോളം മാസങ്ങളില്‍ വരള്‍ച്ചയാണ് അനുഭവപ്പെടുന്നതെന്നത് ജലസംരക്ഷണത്തെക്കുറിച്ച് അവബോധമോ ഉത്തരവാദിത്തമോ ഇല്ലാത്ത ഒരു ജനതയെയും ഭരണകൂടത്തെയും തന്നെയാണ് അടയാളപ്പെടുത്തുന്നത്. കാരണം, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ പ്രതിവര്‍ഷം 600 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിക്കുന്നത്. എന്നിട്ടും വരള്‍ച്ചയുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ നാം അവിശ്വസനീയമാംവിധം 'മുന്നേറുന്നത്' നമ്മുടെ ഉത്തരവാദിത്തരാഹിത്യത്തിന്റെ വേദനാജനകമായ അനുഭവം തന്നെയാണ്.
സമകാലീന വികസനരംഗത്ത്, പ്രത്യേകിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവരുന്നത് ഭൂപരിസ്ഥിതിയിലാണ്. ഭൂപരി സ്ഥിതിയില്‍ വരുന്ന മാറ്റം നമ്മുടെ കാലാവസ്ഥയെയും മണ്ണ്, ജല, വായു സംരക്ഷണത്തെയും മാറ്റിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ദീര്‍ഘവീക്ഷണവും നിയമപരിരക്ഷയുമില്ലാത്ത വികസനതന്ത്രങ്ങള്‍ കേരളത്തിന്റെ ഉപരിതല ഭൂപ്രകൃതിയെ അതിവേഗം മാറ്റിക്കൊണ്ടിരിക്കുകയാണ്. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെ ചെരിഞ്ഞുകിടക്കുന്ന കേരളത്തിന്റെ ഉപരിതലത്തില്‍ അതിവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ ജലസുരക്ഷയെ തകര്‍ക്കും വിധമാണ് മുന്നേറുന്നത്.
വനങ്ങള്‍ ഇല്ലാതാകുന്നതും യാതൊരു നിയന്ത്രണവുമില്ലാതെ ജലസംഭരണ ഇടങ്ങളായ മലകള്‍ വികസനമെന്ന പേരില്‍ ഇല്ലാതാക്കുന്നതും കുളങ്ങളും വയലേലകളും തോടുകളും നദികളും സംരക്ഷിക്കപ്പെടാതെ പോകുന്നതും നമ്മുടെ ജലസുരക്ഷ നേരിടുന്ന ഭീഷണികളാണെന്നത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതിനുപകരം കമ്പോളാധിഷ്ഠിത വികസന വക്താക്കള്‍ ഈ അവസ്ഥയെ അവര്‍ക്കനുകൂലമായി മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ്. അതിനായി അവര്‍ കേന്ദ്രസര്‍ക്കാരിന്റെ 2012ലെ ജലനയം തങ്ങള്‍ക്കനുകൂലമായി എഴുതിവച്ചു. ഈ നയപ്രകാരം ജലമെന്നത് നമ്മുടെ ഭരണഘടനയില്‍ പറയുന്നതുപോലെ പ്രകൃതിയുടെ വരദാനമായ, എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ട പൊതുസ്വത്തല്ല. മറിച്ച് ഇതൊരു സാമ്പത്തികചരക്കാണ് (ഋരീിീാശര ഴീീറ). അതായത് വിപണിയിലെ തത്ത്വശാസ്ത്രമായ ഉലാമിറ മിറ ടൗുുഹ്യ സിദ്ധാന്തമനുസരിച്ച് വെള്ളത്തെയും കാണണം. ചുരുക്കത്തില്‍ പെട്രോളിന്റെ വില പോലെ എപ്പോഴും വിലനിലവാരം തകിടം മറിയുന്ന 'ചരക്കായി' വെള്ളത്തെയും കാണണമെന്നര്‍ഥം.
കാലവര്‍ഷത്തില്‍ 70 ശതമാനവും തുലാവര്‍ഷത്തില്‍ 20 ശതമാനവും ഇടമഴയായി 10 ശതമാനവും. ആകെ മഴയും പെയ്തുതീരുന്നത് ശരാശരി നൂറു ദിനങ്ങളിലാണ്. ഒരു വര്‍ഷം മഴ ലഭിക്കുന്നത് 1,015 മണിക്കൂറുകള്‍ മാത്രമാണ്. നമ്മുടെ മണ്‍സൂണ്‍ മഴയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മഴവളരെ ഉയരത്തില്‍നിന്നാണ് ഉത്ഭവിക്കുന്നത്. തുള്ളികളോ വലുപ്പമുള്ളതും. ആയതിനാല്‍ അവ അതീവ ശക്തിയോടെ ഭൂമിയില്‍ പതിക്കുന്നു.
മഴവെള്ള സംഭരണത്തിന് നിലവില്‍ സ്വീകരിക്കുന്ന വ്യത്യസ്ത മാര്‍ഗങ്ങളാണ് മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം സംഭരിക്കുന്ന രീതി, തടയണകള്‍, നീര്‍ത്തടങ്ങള്‍ തുടങ്ങിയവ. വര്‍ഷത്തില്‍ 1,015 മണിക്കൂറുകളില്‍ പെയ്ത് തോരുന്ന മഴയെ 365 ദിവസവും ഉപയോഗിക്കാന്‍ പോന്ന രീതിയില്‍ സംഭരിക്കാനുള്ള ശേഷി ഭൂമിയുടെ ഹൃദയമായ മണ്ണിന് മാത്രമാണുള്ളത്. പക്ഷെ, ഒരു ചരിഞ്ഞ പ്രതലത്തില്‍ കട്ടപിടിക്കാനുള്ള ശേഷിക്കുറവുള്ള, അയഞ്ഞ തരിമണ്ണ് വിരിച്ച് ശക്തിയുള്ള വെള്ളത്തുള്ളികള്‍ അതിലേക്ക് ചീറ്റിയാല്‍ മണ്ണ് താഴേക്ക് പോകുമെന്ന് ഒരു പഠനവും ഗവേഷണവും നടത്താതെ നമുക്ക് പറയാന്‍ കഴിയും. യഥാര്‍ഥത്തില്‍ ഇവിടെ സംഭവിക്കുന്നതും അതുതന്നെ. വിവിധ തട്ടുകളായി സസ്യാവരണമുള്ള നിത്യഹരിത മഴക്കാടുകള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയുന്നത്ര മാത്രം പ്രതിരോധ ശേഷിയുള്ള ഈ മണ്ണിലാണ് ശക്തമായ തുള്ളികളായി പതിക്കുന്ന മഴവെള്ളം സംഭരിക്കേണ്ടത്. മഴത്തുള്ളികള്‍ നേരിട്ട് പതിക്കാതിരിക്കുക എന്ന പരിഹാരം മാത്രമാണ് മണ്ണ് സംരക്ഷണത്തിനും അതിലൂടെ ജലസംഭരണത്തിനുമുള്ള ഏക മാര്‍ഗം. അതിന് മണ്ണിന് ഒരാവരണം വേണം. പല തട്ടുകളുള്ള ഇലച്ചാര്‍ത്തില്‍ തട്ടുമ്പോള്‍ മഴത്തുള്ളികള്‍ ചിതറി, ചിന്നി ധൂളി രൂപത്തിലായി ഭൂമിയില്‍ സാവധാനം പതിക്കണം. സൂര്യപ്രകാശം നേരിട്ടു ഭൂമിയില്‍ തട്ടിയാല്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടപ്പെടാവുന്ന ഈ ജലത്തെ സസ്യാവരണം സംരംക്ഷിച്ച് നിലനിര്‍ത്തുന്നു.
മണ്ണില്‍ ജലം സംഭരിക്കാനുള്ള അത്യുത്തമമായ രീതിയെന്ന നിലക്ക് നീര്‍ത്തടം (ംമലേൃ വെലറ) ഏറെ സ്വീകാര്യമായ പരിഹാരമാണ്. ഒരു ചാലിലേക്ക്, ഒരരുവിയിലേക്ക്, തോട്ടിലേക്ക് ഒഴുകുന്ന വെള്ളം എവിടെ നിന്ന് വരുന്നുവോ ആ പ്രദേശത്തെയാണ് നീര്‍ത്തടം എന്ന് വിളിക്കുന്നത്. ഒരു നീര്‍ത്തടത്തിന് മൂന്ന് ഘടകങ്ങളേ ഉള്ളൂ. ജലം, സസ്യാവരണം, മണ്ണ്. നീര്‍ത്തട തത്ത്വങ്ങള്‍ പാലിച്ചുകൊണ്ടുള്ള മഴവെള്ള സംഭരണത്തിനു മാത്രമേ കേരളത്തിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ കഴിയുകയുള്ളൂ. ചരിഞ്ഞ പലക പോലെ കിടക്കുന്ന കേരളത്തില്‍ പെയ്യുന്ന മഴ വഴി ഉണ്ടാകുന്ന ജലം ശരാശരി എട്ടു മണിക്കൂര്‍ കൊണ്ട് സമുദ്രത്തിലെത്തുന്നു. ഇതു 16 മണിക്കൂര്‍ ആക്കിത്തീര്‍ക്കാന്‍ പറ്റിയാല്‍ ഭൂഗര്‍ഭജലത്തെയും ഉപരിതല സ്രോതസ്സുകളെയും പുനരുജ്ജീവിപ്പിക്കാം. കേരളത്തിന്റെ പാറകളുടെ സ്വഭാവം (ഴലീഹീഴ്യ) കുഴല്‍ക്കിണറുകള്‍ക്കു യോജിച്ചതല്ല. അതിനുപകരം മഴവെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ച്, ജലവും മണ്ണും തമ്മിലുള്ള സംവേദന സമയം കൂട്ടിയാല്‍ വറ്റിവരണ്ട ഊഷര നീര്‍ത്തടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും.
അവശ്യം വേണ്ട നടപടികള്‍
ജലസംരക്ഷണം പാഠപദ്ധതിയുടെ ഭാഗമാക്കുക. സയന്‍സ് സിലബസില്‍ ഉള്‍പെടുത്തുക.
ഓരോ വീടിനും ഒരു മഴവെള്ള സംഭരണി എന്നത് വീടു നിര്‍മാണഘട്ടത്തില്‍ത്തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം നടപ്പില്‍ വരുത്തുക.
കിണര്‍ റീചാര്‍ജിങ്. കിണര്‍ റീചാര്‍ജിങ് പരീക്ഷിച്ചാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ കിണറിലെ ജലത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാം. നാലാം കൊല്ലത്തില്‍ എത്തുമ്പോള്‍ കിണര്‍ ഏത് കടുത്ത വേനലിലും വറ്റാത്ത രീതിയിലാകും. മഴവെള്ളം ശേഖരിക്കുന്നതിനായി മേല്‍ക്കൂരയുടെ അഗ്രഭാഗങ്ങളില്‍ പാത്തികള്‍ ഘടിപ്പിക്കുക. തകരം, പിവിസി, എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം. പത്തികളില്‍ നിന്ന് പിവിസി പൈപ്പിലൂടെ വെള്ളമൊഴുക്കി ടാങ്കിലോ, മഴക്കുഴികളിലോ സംഭരിക്കാം. മഴക്കുഴികളിലെ വെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി കിണറിലെ ജലവിതാനം ഉയര്‍ത്തും.
വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പൊതുവേ ശുദ്ധമായിരിക്കും എന്നതിനാല്‍ തന്നെ അത് ഉപയോഗിക്കുന്നതിനു മുമ്പായി പ്രത്യേകിച്ച് ശുദ്ധീകരണം ചെയ്യേണ്ടതില്ല. എന്നിരുന്നാലും മേല്‍ക്കൂരയില്‍ പുകക്കുഴല്‍ ഉണ്ടെങ്കില്‍ വെള്ളത്തില്‍ പുകയുടെ അംശം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുകക്കുഴലിന്റെ ഉയരം വര്‍ധിപ്പിക്കുക.
മേല്‍ക്കൂരയില്‍ പി.വി.സി, മുള മുതലായവ കൊണ്ടുള്ള ചാലുകള്‍ ഉണ്ടാക്കിയാണ് വെള്ളം സംഭരിക്കുന്നത്. പൊടിപടലവും പ്രാണികളും വെള്ളത്തില്‍ വീഴാതിരിക്കാന്‍ തരത്തിലുള്ള മൂടിയും കരടുകള്‍ അരിച്ചെടുക്കാന്‍ പോന്ന ഒരു ഫില്‍ട്ടറും ഉണ്ടായിരിക്കണം. കോണ്‍ക്രീറ്റ് കൊണ്ടുള്ള മൂടി മലിനീകരണം തടുക്കാന്‍ സഹായിക്കും. വെള്ളത്തിലെ ചെറിയ പ്രാണികളെ നിയന്ത്രിക്കാനായി ചെറിയ മീനുകളെ ടാങ്കിലിടുന്നതും നന്നായിരിക്കും.
ഓരോ പറമ്പിലും വീഴുന്ന മുഴുവന്‍ വെള്ളവും അവിടെ തന്നെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. വര്‍ണ ടെയിലുകള്‍ വിരിച്ച് മോടി കൂട്ടിയ മുറ്റങ്ങളുള്ളവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
മഴവെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാനുള്ള അവസരം സൃഷ്ടിക്കാത്തവര്‍ക്ക് പൊതുസംവിധാനം വഴി കുടിവെള്ളമെത്തിക്കുന്നത് നിര്‍ത്തലാക്കാന്‍ നടപടി വരുന്ന കാലം അതിവിദൂരമല്ല. ഇത്തരക്കാര്‍ മുറ്റങ്ങളുടെ വശങ്ങളില്‍ ചാലുകള്‍ കീറിയോ വെള്ളമിറങ്ങാനുള്ള കുഴികള്‍ ഉണ്ടാക്കിയോ പരിഹാരക്രിയ ചെയ്യണം. മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാമൂഹ്യ, രാഷ്ട്രീയ കൂട്ടായ്മകള്‍ മുന്നോട്ടുവരണം. ഇവരുടെ മേല്‍നോട്ടം ഉണ്ടെങ്കില്‍ ആരും സ്വന്തം പറമ്പില്‍നിന്ന് റോഡിലേക്ക് മഴവെള്ളം തുറന്ന് വിടില്ല.
വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുമ്പോഴും കേരളം പ്രതിവര്‍ഷം ഒഴുക്കിക്കളയുന്നത് 1.11 ലക്ഷം ഘനമീറ്റര്‍ മഴവെള്ളമാണ്. ഉപയോഗിക്കാന്‍ കഴിയുന്നതാവട്ടെ 5,000 ഘന മീറ്റര്‍ വെള്ളം മാത്രവും. പ്രതിവര്‍ഷം 3,000 മില്ലി മീറ്റര്‍ മഴയിലൂടെ ലഭിക്കുന്ന വെള്ളമാണ് സംഭരിക്കാതെ പാഴാക്കുന്നത്. മഴക്കൊയ്ത്തിനുള്ള നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാത്തതാണ് ഇതിനു പ്രധാനകാരണം. മഴക്കൊയ്ത്തിന്റെ മേല്‍നോട്ടത്തിനും നടത്തിപ്പിനുമായി പ്രത്യേക സംവിധാനം (മഴപ്പൊലിമ കിണര്‍ റീചാര്‍ജിങ്) ഉള്ളത് തൃശൂര്‍ ജില്ലയില്‍ മാത്രമാണ്. അതു മാതൃകാപരമായി മറ്റു ജില്ലകളും ഏറ്റെടുത്തു തുടങ്ങിയത് ആശ്വാസകരം. പക്ഷെ കാര്യക്ഷമമായി വ്യാപിപ്പിക്കാന്‍ നടപടികള്‍ വേണം.
കേരള നഗരസഭ, പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടത്തില്‍ കെട്ടിടനിര്‍മാണ അനുവാദത്തിന് മഴവെള്ള സംഭരണി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതു കര്‍ശനമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മഴയുടെ സുലഭകാലത്ത് അതിനെ കൊയ്‌തെടുത്ത് വരള്‍ച്ചയുടെ വറുതിയില്‍ ഉപയോഗിക്കാന്‍ നമുക്കു കഴിയണം. ശാസ്ത്ര- സാങ്കേതിക വിദ്യകള്‍ പുരോഗതിയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന കാലത്ത് കേരളം പോലൊരിടത്ത് വരള്‍ച്ചയുണ്ടാകുന്നത് നമ്മുടെ കുറ്റകരമായ നിസ്സംഗതകൊണ്ടു മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."