മാലിന്യം കൊല്ലുന്ന രയരോം പുഴ പുഴയില്‍ മാലിന്യം തള്ളല്‍ വ്യാപകം
ആലക്കോട്: രയരോം പുഴയില്‍ മാലിന്യം തള്ളല്‍ പതിവായതോടെ പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയില്‍. കോഴിക്കടയിലെയും ബാര്‍ബര്‍ ഷോപ്പിലെയും മാലിന്യങ്ങള്‍ ഉള്‍പ്പെടെ പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോഴും കിണറുകളിലെ ഉറവ നില നിര്‍ത്തുന്നതില്‍ പുഴ വഹിക്കുന്ന പങ്ക് വലുതാണ്. മാലിന്യം തള്ളുന്നതു തടയാന്‍ അധികൃതര്‍ നടപടിയെടുക്കുന്നുമില്ല. കോഴിയുടെ അവശിഷ്ടങ്ങളും അഴുകിയ പച്ചക്കറികളും പ്രദേശത്ത് പരത്തുന്ന രൂക്ഷ ഗന്ധം നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ബാര്‍ബര്‍ ഷോപ്പുകളിലെ തലമുടിയുടെ അവശിഷ്ടങ്ങള്‍ ചാക്കുകളില്‍ നിറച്ചാണ് ഇവിടെ തള്ളിയിരിക്കുന്നത്. കുറ്റിക്കാടുകള്‍ക്കിടയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തിന്നാന്‍ തെരുവ്‌നായ്ക്കള്‍ കൂട്ടത്തോടെ എത്താറുണ്ട്. സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് പുഴക്കരയില്‍ കൂടി സഞ്ചരിക്കുന്നത്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ പ്രഖ്യാപനം കടലാസില്‍ മാത്രമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."