പ്രളയക്കെടുതിയില്‍ നഷ്ടം ഒന്നരക്കോടി; ഗാന്ധി സ്മാരക സേവാകേന്ദ്രം അടച്ചുപൂട്ടല്‍ ഭീഷണിയില്‍
പറവൂര്‍: സ്വാതന്ത്ര്യ സമര കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ആഹ്വാനത്തിന്റെ ഫലമായി ഖാദി ഉല്‍പ്പാദനരംഗത്തും കൈത്തൊഴില്‍ പരിശീലനത്തിലും ആറ് പതിറ്റാണ്ടിലേറെ പ്രവര്‍ത്തനപാരമ്പര്യമുള്ള നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സേവകേന്ദ്രത്തിന് പ്രളയത്തില്‍ ഒന്നര കോടി രൂപയുടെ നഷ്ടം. കേന്ദ്രത്തിന്റെ എറണാകുളം ജില്ലയിലുള്ള ആറു ഉല്‍പാദന കേന്ദ്രങ്ങളിലും വെള്ളം കയറി ഗോഡൗണുകളില്‍ ശേഖരിച്ചിരുന്ന ഉല്‍പ്പന്നങ്ങളാണ് നശിച്ചത്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ഖാദി ഉല്‍പാദന യൂനിറ്റുകളിലൊന്നായിരുന്നു നന്ത്യാട്ടു കുന്നം ഗാന്ധിസ്മാരക കേന്ദ്രം. നാടിന്റെ അഭിമാനമായി മാറിയ ഗാന്ധി മന്ദിരം 1954 ലാണ് പറവൂര്‍ പ്രദേശത്തെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു സംഘത്തിന് രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചത്. 1954ല്‍ സംഘത്തിന്റെ ഓഫിസ് മന്ദിരത്തിന് അന്നത്തെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന യു.എന്‍ ധേബര്‍ ആണ് ശിലാസ്ഥാപനം നടത്തിയത്.
1957 ല്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയായിരുന്നു. ആര്‍ഭാടങ്ങളില്ലാതെ ഖാദി ഉല്‍പ്പാദനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു അര നൂറ്റാണ്ടുക്കാലത്തെ പ്രവര്‍ത്തന മികവുകൊണ്ട് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന സ്ഥാപനമായി മാറാന്‍ നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരകസേവാ കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രളയത്തില്‍ എറണാകുളം ജില്ലയിലെ ഉല്‍പ്പാദന യൂണിറ്റുകള്‍ ഏറെകുറെ പൂര്‍ണ്ണമായോ ഭാഗികമായേ നശിച്ചു. ആകെയുള്ള 187ചര്‍ക്കകളില്‍ 161 ഉം പ്രവര്‍ത്തനം നിലച്ചു. ഒരു ചര്‍ക്കയ്ക്കു 14000 രൂപ വില വരും. 58 തറികളില്‍ നാലെണ്ണം പൂര്‍ണ്ണമായും 54 എണ്ണം ഭാഗികമായും തകരാറിലായി. ഒരു തറിയ്ക്കു 60000 രൂപ വില വരും.
ഇവയൊക്കെശരിയാക്കിയെടുത്താല്‍ മാത്രമെ ഉല്‍പ്പാദന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം പുനരാരംഭിയ്ക്കാന്‍ കഴിയൂ. ദൈനദിനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ വരെ ബുദ്ധിമുട്ടുന്ന കേന്ദ്രത്തില്‍ പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ടു സംഘടിപ്പിയ്ക്കുക എളുപ്പമല്ല. ഖാദിയോടൊപ്പം റെഡിമെയിഡ് നിര്‍മാണ യൂനിറ്റ്, സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂനിറ്റ് തുടങ്ങിയ മേഖലകളിലും സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ 6 ഉല്‍പാദന യൂനിറ്റുകള്‍ പ്രവര്‍ത്തനം പുനരാരംഭിയ്ക്കാന്‍ ഒന്നരക്കോടി രൂപയെങ്കിലും വേണ്ടിവരുമെന്നു സംഘം ഭാരവാഹികളായ പ്രസിഡന്റ് ശിവകുമാറും സെക്രട്ടറി ബാലകൃഷ്ണനും പറഞ്ഞു.
സംഘത്തിന്റെ ഉല്‍പാദന യൂണിറ്റുകള്‍ ഏറെയും ഗ്രാമീണ മേഖലയിലാണ്. തൊഴിലാളികളില്‍ ഭുരിപക്ഷവും സ്ത്രീകളുമാണ്. സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ ഒട്ടേറെ കുടുംബങ്ങള്‍ പട്ടിണിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."