പനമരത്തെ കൊറ്റില്ലം ഇടിഞ്ഞില്ലാതാകുന്നു
പനമരം: പ്രളയകാലം കഴിഞ്ഞ് അതിജീവനത്തിന് നാടു കൈകോര്‍ക്കുമ്പോഴും നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന പനമരത്തെ കൊറ്റില്ലം സംരക്ഷിക്കാന്‍ നടപടികളില്ല.
കനത്ത മഴയില്‍ കൊറ്റില്ലം സ്ഥിതി ചെയ്യുന്ന തുരുത്ത് പലയിടങ്ങളിലായി ഇടിഞ്ഞ് പുഴയോട് ചേര്‍ന്നിരിക്കുകയാണ്. പ്രളയാനന്തരം മണ്ണിടിച്ചിലിന്റെ തോത് വര്‍ധിച്ചിട്ടുമുണ്ട്.
കൊറ്റില്ലം സംരക്ഷണ തുരുത്തിന് ചുറ്റും ഭിത്തി നിര്‍മാണത്തിനും മറ്റുമായി 50 ലക്ഷം രൂപ ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല.
ദേശാടനപക്ഷികളുടെ പ്രധാന പ്രജനന കേന്ദ്രമാണ് പനമരം കൊറ്റില്ലം അപൂര്‍വയിനം പക്ഷികളുടെ പറുദീസയാണ്. നിരവധി വിദേശ പക്ഷികളടക്കം മണ്‍സൂണ്‍ കാലത്ത് ഇവിടെയെത്തിയാണ് മുട്ടയിടുകയും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നത്. ഇവിടെത്തെ കലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയും പക്ഷികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും കൂടാതെ മൈസൂരിലെ പക്ഷിസങ്കേതങ്ങളില്‍നിന്നും പോലും ഇവിടേക്ക് പക്ഷികള്‍ എത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പുഴയോരത്തെയും വയലുകളിലേയും ചെറിയ തവളകളും, ചെറുമീനുകളുമാണ് ഇവയുടെ പ്രധാന ആഹാരം. മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങള്‍ വിരിഞ്ഞ ശേഷം കുടുംബവുമായി മാസങ്ങള്‍ കഴിഞ്ഞാണ് പക്ഷികള്‍ തിരിച്ച് പറക്കുന്നത്. കൊറ്റല്ലിത്തിലെത്തുന്ന പക്ഷികളുടെ എണ്ണത്തില്‍ ഒരോ വര്‍ഷവും വര്‍ധനവ് ഉണ്ടാകുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് അപൂര്‍വ ഇനമായ കാലിമുണ്ടിയുടെ കൂട് ഇവിടെ കണ്ടെത്തിയിരുന്നു. പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും കണക്കാക്കുന്നത് കൊക്കുകളുടെ ഗണത്തിലുള്ള അരിവാള്‍കൊക്കിന്റെ കേരളത്തിലുള്ള ഏക പ്രജനന കേന്ദ്രമാണ് പനമരം പുഴയോരത്തെ കൊറ്റില്ലം.
അതിനുശേഷം ലിറ്റര്‍ കോര്‍മറന്റ് (നീര്‍ക്കാക്ക), പറപുല്‍ ഹൈറോണ്‍ (ചാമുണ്ടി), ലിറ്റില്‍എഗ്രറ്റ് (ചിന്ന മുണ്ടി) അരിവാള്‍ കൊക്കന്‍, ചെറുമുണ്ടി, എന്നീ ഇനത്തില്‍പ്പെട്ട കൊക്കുകളാണ് ഇവിടെ കുടുതലായി കാണപ്പെടുന്നത്. വൈറ്റ് ഐ ബീസ് (കഷണ്ടി തലയന്‍), ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് (ചൊര കൊക്കന്‍), കാറ്റില്‍ എഗ്രറ്റ്, ലിറ്റില്‍ എ ഗ്രറ്റ്, പര്‍പ്പിള്‍ ഐറോണ്‍, ഗേ ഹെറോണ്‍ തുടങ്ങിയ പക്ഷികളും കാലാകലങ്ങളില്‍ പനമരത്ത് എത്തുന്നുണ്ട്.
വിവിധ ദേശങ്ങളില്‍ നിന്നുള്ള പക്ഷിനിരീക്ഷരും വിദേശികള്‍ ഉള്‍പെടെയുള്ള വിനോദ സഞ്ചാരികളും കൊറ്റില്ലം സന്ദര്‍ശിക്കാനെത്തുന്നുണ്ട്. കൂടാതെ പ്രാദേശിക സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠനയാത്രകളുടെ ഭാഗമായി ഇവിടെ സന്ദര്‍ശിക്കാറുണ്ട്.
കൊറ്റില്ലം സംരക്ഷിക്കണമെന്നാവശ്യം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ നിസംഗത തുടരുകയാണ്. സംരക്ഷണ മൊരുക്കാത്തത് കാരണം തുരുത്തിലെത്തുന്ന പക്ഷികള്‍ കൂടുകൂട്ടുന്ന മുളം കൂട്ടങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. സംരക്ഷണത്തിനുള്ള നടപടികള്‍ ഇനിയും വൈകിയാല്‍ പക്ഷികളുടെ പറുദീസയായ കൊറ്റില്ലം പാടെ ഇല്ലാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."