എറണാകുളം സെന്‍ട്രല്‍ സി.ഐയെ കാണാനില്ലെന്ന് പരാതി
കാണാതായത് മേലുദ്യോഗസ്ഥനുമായുണ്ടായ വാക്കുതര്‍ക്കത്തിനുശേഷം
കൊച്ചി: മേലുദ്യോഗസ്ഥനുമായുണ്ടായ വാക്കുതര്‍ക്കത്തിനുശേഷം എറണാകുളം സെന്‍ട്രല്‍ പൊലിസ് സി.ഐ വി.എസ് നവാസിനെ കാണാനില്ലെന്ന് പരാതി. ഭാര്യയാണ് എറണാകുളം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം സബ് ഡിവിഷനുകളുമായി ബന്ധപ്പെട്ട് രാത്രികാല ഡ്യൂട്ടിയിലുള്ള പൊലിസുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ബുധനാഴ്ച രാത്രി 11.30 ഓടെ അസിസ്റ്റന്റ് കമ്മിഷണറും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായത്.
വയര്‍ലെസിലൂടെ അസിസ്റ്റന്റ് കമ്മിഷണര്‍ നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചത്രേ. കുറ്റപ്പെടുത്തല്‍ രൂക്ഷമായപ്പോള്‍ നവാസും പ്രതികരിച്ചു. ഇതേതുടര്‍ന്ന് വാഗ്വാദം രൂക്ഷമായി. എറണാകുളം റേഞ്ചിലെ മുഴുവന്‍ സ്റ്റേഷനുകളിലും പട്രോള്‍ ഡ്യൂട്ടിയിലും ഉണ്ടായിരുന്ന എല്ലാ പൊലിസുകാരും വയര്‍ലെസ് സെറ്റിലൂടെ ഇവരുടെ തര്‍ക്കം കേട്ടിരുന്നു. വാക്കുതര്‍ക്കം പരിധി വിട്ടതോടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇടപെടലുണ്ടായെങ്കിലും എല്ലാവരും കേള്‍ക്കട്ടെ എന്നു പറഞ്ഞ് മേലുദ്യോഗസ്ഥന്‍ ശകാരം തുടരുകയായിരുന്നത്രേ.
ഡ്യൂട്ടിക്കു ശേഷം ഔദ്യോഗിക വാഹനവും വയര്‍ലെസ് സെറ്റും സ്റ്റേഷനില്‍ ഏല്‍പ്പിച്ച ശേഷമാണ് നവാസ് വ്യാഴാഴ്ച പുലര്‍ച്ചെ മടങ്ങിയത്. യാത്രപോകുന്നെന്ന് അറിയിച്ച ശേഷമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ ഓഫാക്കിയ നവാസിനെക്കുറിച്ച് വീട്ടുകാര്‍ക്കും വിവരമൊന്നുമില്ല.
അതിനിടെ, സി.ഐ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ വന്നിറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണത്തിന്
ഉത്തരവ്
തിരുവനന്തപുരം: എറണാകുളം സെന്‍ട്രല്‍ സി.ഐ നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു.
കൊച്ചി ഡി.സി.പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഉത്തരവ് സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ഡി.ജി.പിക്ക് നിവേദനം നല്‍കിയിരുന്നു. സി.ഐയും അസി.കമ്മിഷണറും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി കൊച്ചി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."