ജീവനക്കാര്‍ക്ക് മര്‍ദനം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കി
സുല്‍ത്താന്‍ ബത്തേരി: ബസ് ജീവനക്കാരെയും ഉടമയേയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബത്തേരി താലൂക്കില്‍ ഇന്നലെ സ്വകാര്യ ബസുകള്‍ പണിമുടക്കി. കല്‍പ്പറ്റ, പുല്‍പള്ളി, പനമരം, മുത്തങ്ങ, ചുള്ളിയോട്, ചീരാല്‍ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തിയില്ല. സംയുക്ത സ്വകാര്യ ബസ് തൊഴിലാളി യൂനിയനുകളും ബസ് ഉടമസ്ഥ സംഘവും ചേര്‍ന്നാണ് പണിമുടക്ക് നടത്തിയത്. പൊലിസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉച്ചതിരിഞ്ഞ് സമരം പിന്‍വലിച്ചു. പത്തോളം പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബത്തേരി സി.െഎ എം.ഡി സുനില്‍, എസ്.ഐ ബിജു ആന്റണി എന്നിവരുമായാണ് സംയുക്ത തൊഴിലാളി യൂനിയന്റെയും ബസ് ഉടമസ്ഥ സംഘത്തിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഉച്ചതിരിഞ്ഞ് സമരം പിന്‍വലിച്ചെങ്കിലും വൈകിട്ടോടെ ഏതാനും ചില ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യ ബസ് പണിമുടക്കിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബത്തേരി ഡിപ്പോയില്‍ നിന്നും അധിക സര്‍വിസുകള്‍ നടത്തി. പുതിയ ബസ് സ്റ്റാന്‍ഡിലും പഴയ ബസ് സ്റ്റാന്‍ഡിലും സ്റ്റേഷന്‍മാസ്റ്ററെ നിയോഗിച്ച് യാത്രാക്കാരുടെ തിരക്കനുസരിച്ചാണ് ആവശ്യ സ്ഥലങ്ങളിലേക്ക് സര്‍വിസ് നടത്തിയത്. കല്‍പ്പറ്റ, മാനന്തവാടി സബ് ഡിപ്പോകളില്‍ നിന്ന് ബത്തേരിയിലേക്ക് അധിക സര്‍വിസുകളും നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട്, പഴയ ബസ് സ്റ്റാന്‍ഡില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കണ്ണൂര്‍-ബത്തേരി റൂട്ടിലോടുന്ന വാനമ്പാടി ബസിലെ ഡ്രൈവറെയും ക്ലീനറെയും മര്‍ദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ജീവനക്കാരെ മാര്‍ദിക്കുന്നത് ചോദ്യം ചെയ്ത ബസ് ഉടമക്കും ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും മര്‍ദനമേറ്റിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലിസും അക്രമികളുടെ കൈയ്യേറ്റത്തിനിരയായി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ടൗണില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."