ബിഹാറില്‍ 12 ദിവസത്തിനിടെ മരിച്ചത് 43 കുട്ടികള്‍
പാറ്റ്‌ന: ബിഹാറില്‍ 12 ദിവസത്തിനിടെ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 43 ആയി. മുസഫര്‍പുര്‍ ജില്ലയിലെ രണ്ട് ആശുപത്രികളില്‍ അക്യൂട്ട് എന്‍സഫൈലിറ്റിസ് സിന്‍ഡ്രം(എ.ഇ.എസ് ) ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച പത്ത് വയസിന് താഴെയുള്ള കുട്ടികളാണ് മരിച്ചത്. മരിച്ചവരില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. ബുധനാഴ്ച രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനാലുള്ള ഹൈപ്പോഗ്ലൈസീമിയ ആണെന്നും മസ്തിഷ്‌ക ജ്വരമല്ലെന്നുമാണ് സര്‍ക്കാര്‍വാദം.
ജനുവരി മുതല്‍ രണ്ട് ആശുപത്രികളിലായി 172 കുട്ടികളെ എ.ഇ.എസ് ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്തിരുന്നു. ഇതില്‍ 157 കുട്ടികളെയും ജൂണിലാണ് അഡ്മിറ്റ് ചെയ്തത്. 43 കുട്ടികളുടെയും മരണം ജൂണിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂണില്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 106 കുട്ടികളില്‍ 36 പേര്‍ മരിച്ചു. കെദ്രിവാള്‍ മാത്രി സദന്‍ ആശുപത്രിയില്‍ 55 എ.ഇ.എസ് രോഗികളില്‍ ഏഴുപേരും മരിച്ചു. ഇതും ജൂണില്‍ തന്നെയാണ് സംഭവിച്ചത്. നിലവില്‍ രണ്ട് ആശുപത്രികളിലുമായി 13 കുട്ടികള്‍ ഗുരുതരാവസ്ഥയിലുമാണ്.
സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകാതിരിക്കാന്‍ ഹൈപ്പോഗ്ലൈസീമിയ ആണ് എന്ന് പറയണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എ.ഇ.എസിന് പകരം ഹൈപ്പോഗ്ലൈസിമിയയാണ് കുട്ടികള്‍ക്കുള്ളതെന്ന് പറയാന്‍ തങ്ങളുടെ മേല്‍ സമ്മര്‍ദമുണ്ടെന്ന് കെദ്രിവാള്‍ മാത്രി സദനിലെ നഴ്‌സുമാര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. എ.ഇ.എസ് ആണെന്ന് പറയുന്നത് സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് നഴ്‌സുമാരോട് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ എ.ഇ.എസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് ഹൈപ്പോഗ്ലൈസീമിയ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബിഹാറിലെ നിലവിലെ ആരോഗ്യ സ്ഥിതി പഠിക്കാനായി എത്തിയ കേന്ദ്രസംഘം ഇക്കാര്യം സ്ഥിരീകരിച്ചു. എ.ഇ.എസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഹൈപ്പോഗ്ലൈസീമിയ എന്ന് കേന്ദ്രസംഘത്തിലെ ഡോ. അരുണ്‍ പറഞ്ഞു.
എന്നാല്‍ കുട്ടികളുടെ മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്തിയിട്ടില്ല. പോഷകാഹാര പദ്ധതി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. പോഷകാഹാര അവബോധ കാംപയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കേണ്ടതായിരുന്നു. ഹൈപ്പോഗ്ലൈസീമിയ എന്ന രോഗത്തിന് പേര് പറഞ്ഞ് ഒഴിവാകാന്‍ എളുപ്പമാണ്. എ.ഇ.എസിനൊപ്പം ഹൈപ്പോഗ്ലൈസീമിയ ഇല്ലാതാക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ മരണത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആവശ്യമായ മുന്‍കരുതല്‍ നടത്തണമെന്ന് അദ്ദേഹം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."