സമാധാനം പുലരട്ടെ
ലോകം അരക്ഷിതാവസ്ഥയിലൂടെ കടന്നു പോകുന്ന വര്‍ത്തമാന ഘട്ടത്തിലാണ് റിയോ ഒളിംപിക്‌സിനു ആരവമുയരുന്നത്. അതുകൊണ്ടു തന്നെ ലോക കായിക മാമാങ്കം സമാധാനത്തിലേക്കുള്ള വാതില്‍ തുറക്കുമെന്ന പ്രത്യാശയിലാണ് കോടിക്കണക്കിനു വരുന്ന മനുഷ്യ സമൂഹം. നമ്മുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ ചില വിധ്വംസക ശക്തികള്‍ അതി ക്രൂരമായി ഇടപെടുന്നതിന്റെ ഭീകര വാര്‍ത്തകളാണ് ഓരോ ദിവസവും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നു കേള്‍ക്കുന്നത്.
ആതിഥേയരായ ബ്രസീലില്‍ സാമ്പത്തിക പ്രശ്‌നങ്ങളും സിക വൈറസ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന ഘട്ടവും കായിക മാമാങ്കത്തിന് ആരംഭം കുറിക്കാനൊരുങ്ങുമ്പോള്‍ നിലനില്‍ക്കുന്നു. രാജ്യത്തെ സാമ്പത്തിക അസ്ഥിരാവസ്ഥ സുരക്ഷാ സേനയുടെ പ്രതിഷേധത്തിനു വരെ ഈയടുത്ത് ഇടയാക്കി. അതുകൊണ്ടു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറുന്ന തീവ്രവാദ ആക്രമണ ഭീഷണി സ്വാഭാവികമായും റിയോയിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നു. അട്ടിമറി ശ്രമങ്ങള്‍ക്ക് പതിനൊന്നോളം പേരെ സുരക്ഷാ സേന റിയോയില്‍ നിന്നു പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ മുഴുവന്‍ മറികടക്കാന്‍ സാധിച്ചതായും കനത്ത സുരക്ഷയിലാണ് ഒളിംപിക്‌സ് അരങ്ങേറുകയെന്നും അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പല കായിക താരങ്ങളും ഒളിംപിക്‌സില്‍ നിന്നു പിന്‍മാറിയ കാര്യവും ശ്രദ്ധേയമാണ്.
ലോക കായിക മഹോത്സവം
പ്രപഞ്ചത്തിലെ ഏറ്റവും വലിയ കായിക മഹാ മേളയാണ് ഒളിംപിക്‌സ്. 207 രാജ്യങ്ങളാണ് ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരയ്ക്കുന്നത്. ഓഗസ്റ്റ് അഞ്ചു മുതല്‍ 21 വരെ റിയോ ഡി ജനീറോയിലെ വിശ്വവിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. 28 കായിക ഇനങ്ങളിലായി 306 മത്സരങ്ങളാണ് അരങ്ങേറുക. നിലവിലെ കണക്കു പ്രകാരം 10, 293 കായിക താരങ്ങളാണ് മാറ്റുരയ്ക്കാനെത്തുന്നത്. അവസാന കണക്കു പ്രകാരം ഇത് 10,500നു മുകളിലേക്ക് ഉയര്‍ന്നേക്കാം.
മാരക്കാനയ്ക്കു പുറമേ ബാറ ഒളിംപിക് പാര്‍ക്ക്, ജാവോ ഹവാലെഞ്ജ് ഒളിംപിക് സ്റ്റേഡിയം, റാഡിക്കല്‍ പാര്‍ക്ക്, മരിയ ലെങ്ക് അക്വാറ്റിക്ക് സെന്റര്‍, റിയോ ഒളിംപിക് അരേന, ഒളിംപിക് ടെന്നീസ് സെന്റര്‍, ഒളിംപിക് അക്വാറ്റിക്ക് സെന്റര്‍, ഫ്യൂച്ചര്‍ അരേന എന്നിവിടങ്ങളിലും വിവിധ ഇനങ്ങള്‍ അരങ്ങേറും. ഫുട്‌ബോള്‍ മത്സരങ്ങള്‍ മനൗസിലെ അരേന ഡ ആമസോണിയ, സാവോ പോളോയിലെ അരേന കൊറിന്ത്യന്‍സ്, സാല്‍വദോറിലെ അരേന ഫോണ്ടെ നോവ, ബ്രസീലിയയിലെ എസ്റ്റാഡിയോ നാഷിയനല്‍, മിനെറോയിലെ ബെലോ ഹൊറിസോണ്ട സ്റ്റേഡിയങ്ങളിലാണ് നടക്കുക.
സ്‌പെയിനിലെ മാഡ്രിഡിനേയും ജപ്പാനിലെ ടോക്കിയോയേയും അമേരിക്കയിലെ ചിക്കാഗോയേയും പിന്തള്ളിയാണ് റിയോ ഡി ജനീറോ ഒളിംപിക് പങ്കാളിത്തം നേടിയെടുത്തത്. ഒപ്പം ലാറ്റിനമേരിക്കന്‍ നഗരങ്ങളായ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസും ബ്രസീലിലെ തന്നെ ബ്രസീലിയയും പിന്നിലായവരില്‍ പെടുന്നു.
ബോള്‍ട്ട് വരും ഇസിനും ഒപ്പം ഫെല്‍പ്‌സും
ജമൈക്കന്‍ മീറ്റിലെ 200 മീറ്ററില്‍ മത്സരിക്കാതെ ഉസൈന്‍ ബോള്‍ട്ട് പിന്‍മാറിയത് ഈയടുത്ത് ചര്‍ച്ചയായിരുന്നു. ഇതിഹാസ താരത്തിന്റെ ഒളിംപിക് പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കിയ പരുക്കായിരുന്നു വില്ലന്‍. എന്നാല്‍ കഴിഞ്ഞയാഴ്ച പരുക്ക് മാറി ലണ്ടന്‍ ഡയമണ്ട് മീറ്റിലെ 200 മീറ്ററില്‍ സ്വര്‍ണം നേടി ബോള്‍ട്ട് തന്റെ വരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. 100, 200, 4-100 മീറ്റര്‍ റിലേ ഇനങ്ങളില്‍ ഇരട്ട ഒളിംപിക് മെഡലും ലോക റെക്കോര്‍ഡും സ്വന്തമായുള്ള സ്പ്രിന്റ് ഇതിഹാസമാണ് ബോള്‍ട്ട്. മൂന്നിലും ഹാട്രിക്ക് ഒളിംപിക് സ്വര്‍ണമെന്ന അനുപമ നേട്ടത്തിലേക്ക് ലക്ഷ്യമിട്ടാണ് ബോള്‍ട്ടെത്തുന്നത്. ഒപ്പം സഹ താരം യോഹാന്‍ ബ്ലെയ്ക്ക്, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ അടക്കമുള്ളവര്‍ വെല്ലുവിളിയുമായി നില്‍ക്കുന്നതും ഒളിംപിക്‌സ് പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.
മരുന്നടിയുടെ നാണക്കേടില്‍ റഷ്യ നിന്നപ്പോള്‍ പോള്‍വാള്‍ട്ടിലെ ഇതിഹാസം ഇസിന്‍ബയേവയാണ് ഏറ്റവും കൂടുതല്‍ നിരാശപ്പെട്ടത്. എന്നാല്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി റഷ്യന്‍ പങ്കാളിത്തത്തിനു ഇളവുകള്‍ അനുവദിച്ചതോടെ ഇസിന്‍ പങ്കെടുക്കുമെന്നു ഉറപ്പായി. പോള്‍വാള്‍ട്ടില്‍ അഞ്ചു മീറ്റര്‍ താണ്ടിയ ലോകത്തിലെ ഏക വനിതാ താരമാണ് ഇസിന്‍. താരവും ഹാട്രിക്ക് ഒളിംപിക് സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്. 28 തവണ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി ചരിത്രത്തിന്റെ ഭാഗമായ വനിതാ താരം കൂടിയാണ് ഇസിന്‍.
ഒളിംപിക് നീന്തല്‍ കുളത്തില്‍ നിന്നു റെക്കോര്‍ഡുകള്‍ നീന്തിയെടുത്ത താരമാണ് അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സ്. മൂന്നു ഒളിംപിക്‌സുകളില്‍ നിന്നായി 18 സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് താരത്തിന്റെ സമ്പാദ്യം. സുവര്‍ണ നേട്ടം ആവര്‍ത്തിക്കാനുള്ള ഒരുക്കവുമായാണ് ഫെല്‍പ്‌സും ബ്രസീലിലെത്തുന്നത്.
31 കാരനായ മൈക്കല്‍ ഫെല്‍പ്‌സും 34കാരിയായ ഇസിന്‍ബയേവയും 29കാരനായ ഉസൈന്‍ ബോള്‍ട്ടും ഒരു പക്ഷേ കരിയറിലെ അവസാന ഒളിംപിക്‌സിനാണ് എത്തുന്നത്. മൂവരും ഒളിംപിക് സ്വര്‍ണമെന്ന നേട്ടം ആവര്‍ത്തിച്ച് കരിയറിനു ഉജ്ജ്വല വിരാമമിടുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പ്രതീക്ഷയോടെ
ഒന്‍പത് ദിവസങ്ങള്‍ കഴിഞ്ഞാല്‍ ലോകം ഒരു കുടുംബമായി റിയോയിലെ കായിക കാര്‍ണിവലില്‍ പങ്കാളികളാവും. ലക്ഷക്കണക്കിനു ജനങ്ങള്‍ നേരിട്ടും മറ്റുള്ളവര്‍ അല്ലാതെയും വിവിധ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ലോകത്തിലെ വിവിധ ഭാഷകളും സംസ്‌കാരങ്ങളും കായിക മികവുകളും ഒളിംപിക്‌സിന്റെ സമാധാനമെന്ന മുദ്രാവാക്യത്തിലേക്ക് ഐക്യപ്പെടുന്ന മഹത്തായ കാഴ്ചപ്പാട് നിലവിലെ അരക്ഷിതാവസ്ഥയ്ക്ക് അവസാനം കുറിച്ചേക്കുമെന്നു കരുതാം. റിയോയിലെ കായിക മാമാങ്കം സമാധാനത്തിലേക്കുള്ള നാന്ദി കുറിക്കട്ടെ എന്നു പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."