ബിനീഷിന്റെ അക്കൗണ്ടുകളിലേക്ക് പണമൊഴുക്ക് ബാങ്കുകള്‍ക്ക് നോട്ടിസ്
ബിനാമി നിക്ഷേപമുള്ള നാലു സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളില്‍ എത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നിക്ഷേപ രശീതുകള്‍ ഹാജരാക്കാന്‍ ബാങ്കുകള്‍ക്ക് ഇ.ഡിയുടെ നോട്ടിസ്. ഏറ്റവും കൂടുതല്‍ പണം വന്ന അക്കൗണ്ടുകളുള്ള രണ്ടു ബാങ്കുകള്‍ക്കാണ് ഇ.ഡി നിര്‍ദേശം നല്‍കിയത്. അതിനിടെ ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷവും ബിനീഷ് കള്ളപണം വെളുപ്പിച്ചതായി ഇ.ഡിക്കു വിവരം കിട്ടി. ബിനാമി നിക്ഷേപമുള്ള നാലു സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി.
ഐ.ഡി.ബി.ഐ ബാങ്കിലെ രണ്ടും എച്ച്.ഡി.എഫ്.സി ബാങ്കിലെ ഒരക്കൗണ്ടും വഴിയാണ് ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ ഇടപാടുകള്‍ നടന്നത്. വന്‍തുക കൈമാറിയതിനെ കുറിച്ചു വ്യക്തമാക്കാന്‍ ബിനീഷ് ഇതുവരെ തയാറായിട്ടില്ല. തുടര്‍ന്നാണ് ബാങ്കുകളോട് ഇ.ഡി വിവരം തേടിയത്. ഒപ്പോടു കൂടിയ പണം നിക്ഷേപ രസീതികളുടെ പകര്‍പ്പ് ഹാജരാക്കാനാണ് നിര്‍ദേശം. ഇതു ലഭിക്കുന്നതോടെ ആരൊക്കെയാണ് ഈ അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്തിയതെന്നു കണ്ടെത്താന്‍ കഴിയും. യു.എ.എഫ്.എക്‌സ് സൊലൂഷന്‍സ്, കാര്‍ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെ.കെ റോക്‌സ് ക്വാറി, എന്നിവ ബെനാമി പേരില്‍ തുടങ്ങിയ സ്ഥാപനങ്ങളാണ്. ഇവയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും പരിശോധന തുടങ്ങി. ആദായനികുതി വകുപ്പിന് സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിരിക്കുന്നതിന്റെ ഇരട്ടിയിലധികം തുകയാണ് 2013 മുതല്‍ 2019 വരെ കാലയളവില്‍ ബിനീഷിന്റെ അക്കൗണ്ടുകളില്‍ വന്നിട്ടുള്ളത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുറമെ ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. ഇ.ഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം. ബംഗ്‌ളൂരുവില്‍ കസ്റ്റഡിയിലുള്ള ബിനീഷിനെ തുടര്‍ച്ചയായി ആറാം ദിവസമാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. കേരളത്തിലെ ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ടും ഇ.ഡി അന്വേഷണം പുരോഗമിക്കുകയുമാണ്.
തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങള്‍ പലതാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിട്ടുള്ള വിവരം. അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്കു കൂടി കാര്യങ്ങള്‍ എത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്നു എന്നു പറയുമ്പോള്‍ തന്നെ ഇതിന്റെ സ്രോതസ് ഏതെന്ന അന്വേഷണവും നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."