വാളയാര്‍ കേസില്‍ പ്രതിയായിരുന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍
ചേര്‍ത്തല: വാളയാര്‍ പീഡനക്കേസില്‍ പ്രതിയായിരുന്നയാള്‍ തൂങ്ങി മരിച്ച നിലയില്‍. വയലാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കടപ്പള്ളി വീട്ടില്‍ പ്രദീപ് കുമാറി(36 )നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ മൂന്നാം പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണമുള്ള മനോവിഷമത്തിലാണ് പ്രദീപ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരമെന്ന് പൊലിസ് പറഞ്ഞു. പ്രദീപ് വിവാഹശേഷം ഏഴു വര്‍ഷമായി വാളയാറിലായിരുന്നു. അങ്ങനെയാണ് വാളയാര്‍ പെണ്‍കുട്ടികളുമായി അടുത്തത്.
ഇന്നലെ മരിക്കുന്നതിനു മുന്‍പ് വാളയാറില്‍ ജോലി ചെയ്യുന്ന ഭാര്യ കല്യാണിയെ താന്‍ മരിക്കാന്‍ പോകുകയാണെന്ന് പ്രദീപ് മൊബൈല്‍ ഫോണില്‍ വിഡിയോ കോള്‍ ചെയ്ത് അറിയിച്ചിരുന്നു. ഇതുകേട്ട് ഭയന്ന കല്യാണി പ്രദീപിന്റെ അമ്മയെ
വിളിച്ചു വിവരം പറഞ്ഞു. എന്നാല്‍ ബാങ്കില്‍ പോയിരുന്ന അമ്മ ഗീത വീട്ടില്‍ വന്നപ്പോള്‍ പ്രദീപ് തൂങ്ങിമരിച്ച നിലയിലായിരുന്നു.
ചേര്‍ത്തല പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കൊവിഡ് ടെസ്റ്റുകള്‍ക്കു ശേഷം വ്യാഴാഴ്ച വീട്ടുവളപ്പില്‍ സംസ്‌കരിക്കും. 2017ലാണ് നാടിനെ നടുക്കിയ വാളയാര്‍ കേസ് ഉണ്ടാകുന്നത്. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. പ്രദീപ് കുമാറടക്കം മൂന്നു പേരെ കോടതി വെറുതെ വിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."