വേല്‍മുരുകന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
കോഴിക്കോട്: വയനാട്ടില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി വേല്‍മുരുക(35)ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാത്രി ഒന്‍പതോടെ വന്‍ പൊലിസ് ബന്തവസ്സില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. വേല്‍മുരുകന്റെ മാതാവ് കണ്ണമ്മയും സഹോദരന്‍ അഡ്വ. മുരുകനും ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഡി.എന്‍.എ പരിശോധനയും നടത്തി. ഡി.എന്‍.എ പരിശോധനയ്ക്കായി മാതാവ് കണ്ണമ്മയുടെയും സഹോദരന്റെയും രക്തസാമ്പിള്‍ ശേഖരിച്ചു.
വൈകീട്ട് നാലിനാരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ 7.45നാണ് പൂര്‍ത്തിയായത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് നേരത്തെ വ്യക്തമായിരുന്നു. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കു ശേഷം മൃതദേഹം കോണ്‍ഗ്രസ് നേതാക്കളെയും ഗ്രോ വാസു ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയും കാണിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് എം.കെ രാഘവന്‍ എം.പി, കെ.പി.സി.സി ഭാരവാഹികളായ ടി. സിദ്ദീഖ്, കെ. പ്രവീണ്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് മോര്‍ച്ചറിക്കുള്ളിലേക്ക് പ്രവേശനാനുമതി നല്‍കിയത്. രാവിലെ ഇവരെ പൊലിസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മാവോയിസ്റ്റ് അനുകൂലികള്‍ പുറത്ത് കാത്തുനിന്നെങ്കിലും പൊലിസ് അനുവദിച്ചില്ല. കനത്ത സുരക്ഷയാണ് മെഡിക്കല്‍ കോളജ് പരിസരത്ത് പൊലിസ് ഒരുക്കിയിരുന്നത്.
അതേസമയം, പൊലിസ് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്ന് വേല്‍മുരുകന്റെ സഹോദരന്‍ അഡ്വ. മുരുകന്‍ പറഞ്ഞു. അടുത്തു നിന്ന് വെടിവച്ചതുകൊണ്ടാണ് ശരീരത്തില്‍ ഇത്രയധികം ബുള്ളറ്റുകള്‍ കൊണ്ടത്. വ്യാജ ഏറ്റുമുട്ടലിനെതിരേ ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നും മുരുകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."