ടൈറ്റാനിയം: അന്വേഷണത്തിന് രണ്ടുമാസംകൂടി
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കേസ് അന്വേഷണത്തിന് രണ്ടുമാസംകൂടി സമയം അനുവദിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കൂടുതല്‍ സമയം അനുവദിച്ചത്.
നാലുമാസത്തെ സമയം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അഴിമതിയുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 26ന് കേസ് വീണ്ടും പരിഗണിക്കും. ടൈറ്റാനിയത്തിലെ മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് 256 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് മുന്‍ മാനേജിങ് ഡയറക്ടര്‍ ഈപ്പന് ജോസഫ്, എക്സിക്യൂട്ടിവ് ഡയരക്ടര്‍ എ.എം ഭാസ്കരന്, മുന്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍മാരായ തോമസ് മാത്യു, ബി. ഗോപകുമാരന്‍ നായര്‍, ടൈറ്റാനിയം ഉദ്യോഗസ്ഥന് ജയകുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2006ല്‍ തിരുവനന്തപുരം പാറ്റൂര്‍ സ്വദേശി ജി. സുനില്‍, ടൈറ്റാനിയം മുന്‍ ഉദ്യോഗസ്ഥന് എസ്. ജയന് എന്നിവര്‍ വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."