കര്‍ക്കടക വാവുബലി: പൊന്‍കുഴി ക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങള്‍
സുല്‍ത്താന്‍ ബത്തേരി: താലൂക്കിലെ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാര്‍ എന്‍ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാരവാഹികളുടെയും യോഗം തീരുമാനിച്ചു.
കര്‍ക്കടക വാവുദിനത്തില്‍ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്ന ഭക്തരുടെ സൗകര്യത്തിനായി സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുലര്‍ച്ചെ നാലു മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് ആരംഭിക്കും. ക്ഷേത്ര പരിസരത്തും മുത്തങ്ങ ചെക്ക്‌പോസ്റ്റുകളിലും സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് ബസ് സ്റ്റാഡിലും ആവശ്യമായ പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തും. ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷക്കായി ഫയര്‍ഫോഴ്‌സിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മുത്തങ്ങ മുതലുള്ള ചെക്ക്‌പോസ്റ്റുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കി തീര്‍ഥാടനം സുഗമമാക്കുന്നതിനായി പൊലിസ്, മോട്ടോര്‍ വാഹന വകുപ്പ്, ചെക്ക്‌പോസ്റ്റ് അധികൃതര്‍ എന്നിവരുടെ സേവനമുണ്ടാവും. ഓഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ വൈദ്യുതി തടസ്സമില്ലാതെ ലഭിക്കാനുള്ള ക്രമീകരണം കെ.എസ്.ഇ.ബിയും ചെയ്യും. നൂല്‍പ്പുഴ പി.എച്ച്.സി മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ക്ഷേത്രപരിസരത്ത് ലഭ്യമാക്കും. യോഗത്തില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍, വിവിധ വകുപ്പ് മേധാവികള്‍, ക്ഷേത്രസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."