പാലിയേക്കര ടോള്‍: മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ഇന്ന്
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു യോഗം ചേരും. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 12നാണ് തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക. പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് എഐവൈഎഫ് ഞായറാഴ്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചിരുന്നു. ഇതേതുടര്‍ന്ന് എഡിഎം ഇടപെട്ടാണ് പ്രശ്ന പരിഹാരത്തിനായി ചര്‍ച്ചയ്ക്ക് കളമൊരുക്കിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ 5 വാഹനങ്ങളില്‍ കൂടുതല്‍ ഒരു വരിയില്‍ വന്നാല്‍ ടോള്‍ ഗേറ്റ് തുറന്ന് കൊടുക്കാന്‍ ധാരണയായിരുന്നു. ഇതിന് പൊലിസിനെ കാവല്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ടോള്‍പ്ലാസയില്‍ വാഹനനിര 5ല്‍ കൂടുതലായാല്‍ ടോള്‍ പിരിക്കാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന. ടോള്‍ കൊടുക്കാതെ പോകുന്ന വാഹനങ്ങളുടെ പണം സര്‍ക്കാര്‍ ടോള്‍ കമ്പനിക്ക് നല്കിയാല് മാത്രമേ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."