അഴിമതി, കൊലപാതകം: സുദാനിലെ മുന്‍ ഏകാധിപതി ഉമറുല്‍ ബഷീര്‍ ഏതുസമയവും കോടതിയിലെത്തിയേക്കും
ഖാര്‍ത്തും: സുദാനില്‍ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ അധികാരമൊഴിഞ്ഞ ഏകാധിപതി ഉമറുല്‍ ബഷീറിനെ വിചാരണയ്ക്കായി ഏതുസമയത്തും കോടതിയിലെത്തിച്ചേക്കും. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ഇതിനകം തടവിലാണ് ഉമറുല്‍ ബഷീര്‍. ഇതിനു പിന്നാലെ പുതിയതായി അദ്ദേഹത്തിനെതിരെ അഴിമതിക്കുറ്റം കൂടി ചുമത്തുകയായിരുന്നു. അഴിമതിക്കേസുകളില്‍ ഉമറുല്‍ ബഷീറും അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ ഉന്നതപദവികള്‍ വഹിച്ചിരുന്ന 41 പേരും അടുത്തയാഴ്ച കോടതിയില്‍ ഹാജരാവുമെന്ന് പ്രോസികൂട്ടര്‍ അല്‍ വലീദ് സഈദ് അഹമ്മദ് മഹ്മൂദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഉമര്‍ ബഷീറുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതിക്കുറ്റം ചുമത്തിയതെന്നും അദ്ദേഹം അറിയിച്ചു.
പ്രക്ഷോഭകരെ കൊലപ്പെടുത്തി, കലാപം സൃഷ്ടിച്ചു എന്നതടക്കമുള്ള കുറ്റങ്ങളും ഉമറുല്‍ ബഷീര്‍ നേരിടുന്നുണ്ട്. 30 വര്‍ഷത്തോളം സുദാന്‍ അടക്കിഭരിച്ച ഉമറുല്‍ ബഷീര്‍ ഏപ്രിലിലാണ് അധികാരമൊഴിഞ്ഞത്. പിന്നാലെ അറസ്റ്റിലായതിന് ശേഷം ഇതുവരെ അദ്ദേഹം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."