മൂവാറ്റുപുഴ ടൗണ്‍ വികസനം: കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചു
മൂവാറ്റുപുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി നിലവില്‍ പണം നല്‍കിയ 83 പേരുടെ സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് കെ.എസ്.ടി.പി.യില്‍ നിന്നും 15ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് പണം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിന് ഉടമകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇനിയും പൊളിച്ച് മാറ്റാത്തവരുടെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി സ്ഥലമേറ്റെടുക്കുന്നതിനാണ് കെ.എസ്.ടി.പിയില്‍ നിന്നും 15ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ സര്‍ക്കാര്‍ അംഗീകരിച്ച ആര്‍.ആര്‍ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയായി. പൊളിച്ച് മാറ്റപ്പെടുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും റവന്യൂ വകുപ്പ് തയാറാക്കിയ നഷ്ടപരിഹാരം 20.60ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്തത്.
വ്യാപാരികള്‍ തങ്ങളുടെ കെട്ടിടങ്ങള്‍ സ്വയം പൊളിച്ച് മാറ്റാമെന്നും പൊളിച്ച് മാറ്റിയ സ്ഥലത്ത് തല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ കാലതാമസം വരുത്താതെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും മൂവാറ്റുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.
മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 39.25കോടി രൂപയുടെ ഡീറ്റേല്‍ഡ് പ്രൊജക്ട് കിഫ്ബി പരിഗണക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് 83പേരുടെ ഭൂമി പണം നല്‍കി ഏറ്റെടുത്തുകഴിഞ്ഞു. 52പേരുടെ ഭൂമി ഏറ്റെടുക്കുന്നതിനും, ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം 39.25കോടി രൂപയുടെ വിശദ പദ്ധതി തയ്യാറാക്കി കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ചിലസിഥലങ്ങളില്‍ ഭൂമി പരിവര്‍ത്തനം ചെയ്യേണ്ടതുണ്ട്.
ഇതിനായി മൂവാറ്റുപുഴ കൃഷി ഓഫീസറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അഗ്രികള്‍ച്ചറല്‍ പ്രോഡക്ഷന്‍ കമ്മിഷണറുടെ പരിഗണനയിലാണ്. ഇതിനും ഇതോടൊപ്പം അനുമതി ലഭിക്കുമെന്നും കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കാലതാമസം ഒഴിവാക്കി ടൗണ്‍ വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."