തരൂരിനെ പിന്തുണയ്ക്കാത്ത കെ.പി.സി.സി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: സ്വകാര്യ ചാനലിന്റെ ആരോപണത്തിനെതിരേ ശശി തരൂര്‍ എം.പിയെ പിന്തുണയ്ക്കാത്ത കെ.പി.സി.സി നേതൃത്വത്തിനെതിരേ രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷ വിമര്‍ശനം. ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖരുടെ ഉടമസ്ഥതയിലുള്ള പുതിയ ചാനല്‍ തരൂരിനെതിരേ ഉന്നയിച്ച ആരോപണത്തെ പ്രതിരോധിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് അടക്കം മുന്നോട്ടു വന്നിരുന്നില്ല. ഇതിനെതിരേ രാഷ്ട്രീയകാര്യ സമിതിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
എം.ഐ ഷാനവാസ് എം.പി, കെ.സുധാകരന്‍ അടക്കമുള്ളവരാണ് കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. ഇക്കാര്യം ഇന്ന് ചേരുന്ന കെ.പി.സി.സിയുടെ വിശാല എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. കെ.പി.സി.സി എക്‌സിക്യൂട്ടീവിന് മുന്നോടിയായാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് സെക്രട്ടറി ദീപക് ബാബറിയ പ്രദേശ് റിട്ടേണിങ് ഓഫിസര്‍ എസ്.നാച്ചിയപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
ഒരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള ഫീസ് വര്‍ധനയിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തതെന്ന് എം.എം ഹസന്‍ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് സര്‍ക്കാരിനും സി.പി.എമ്മിനും എന്ത് കിട്ടിയെന്ന് വ്യക്തമാക്കണം. ഫീസ് വര്‍ധിപ്പിക്കുന്നതിന്പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ചോദിക്കുന്നതിനേക്കാള്‍ ഫീസ് വര്‍ധിപ്പിച്ചു നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. എം.ബി.ബി.എസ് അടക്കം കോഴ്‌സുകളില്‍ ഫീസ് വര്‍ധിപ്പിച്ചു നല്‍കാന്‍ ഇപ്പോഴും ഗൂഢാലോചന നടക്കുന്നു.
രാഷ്ട്രീയ മേധാവിത്വം നിലനിര്‍ത്താന്‍ കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തെ ആശ്രയിക്കുകയാണ്. രണ്ടു പാര്‍ട്ടികളും കൊലക്കത്തി താഴെയിട്ട് അക്രമപാത വെടിയണം. അക്രമം തടയുന്നതില്‍ സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. കണ്ണൂരില്‍ അഫ്‌സ്പ നിയമം നടപ്പാക്കണമെന്നതിനോട് യോജിപ്പില്ല. ഒന്നും ശരിയാകാത്ത സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനം വിലയിരുത്തും. ബി.ജെ.പിയാണ് പ്രതിപക്ഷമാവേണ്ടതെന്ന പ്രചാരണമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്നത്. സംഘടനാ തിരഞ്ഞെടുപ്പില്‍ സമവായം ഉണ്ടാകുമോയെന്നത് ഓഗസ്റ്റില്‍ നടക്കുന്ന ബൂത്തുതല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നിശ്ചയിക്കുമെന്നും ഹസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."