മകന്റെ പകലുകള്‍ മടിയില്‍; ജീവിതത്തിന്റെ താളം തെറ്റാതെ സഈദിന്റെ യാത്ര
മുംബൈ: രണ്ടുവയസായ മകനെ മടിയിലിരുത്തിയാണ് ഓട്ടോ റിക്ഷാ ഡ്രൈവറായ മുഹമ്മദ് സഈദ്(26) തന്റെ ഓട്ടോയുമായി മുംബൈ വര്‍സോവയിലെ സ്റ്റാന്റിലെത്തുന്നത്.രണ്ടാഴ്ച മുന്‍പ് തളര്‍വാതം പിടിപെട്ട് കിടപ്പിലായ ഭാര്യ യാസ്മിന്(24) കുഞ്ഞിനെ നോക്കാന്‍ കഴിയാത്തതുകൊണ്ടാണ് സഈദ് കുട്ടിയെയുമെടുത്ത് ജോലിക്കായി എത്തുന്നത്. ചുട്ടുപൊള്ളുന്ന വെയിലും യാത്രക്കിടയിലെ കാറ്റുമേറ്റ് രണ്ടുവയസുകാരന്‍ പിതാവിന്റെ മടിയില്‍ കിടന്ന് ഉറങ്ങും. തളര്‍ന്ന ഭാര്യക്കുള്ള മരുന്നും മൂന്നുമാസം പ്രായമായ മറ്റൊരു കുഞ്ഞുമടങ്ങുന്ന കുടുംബത്തിനുള്ള അന്നം തേടിയാണ് സഈദ് ഓട്ടോറിക്ഷ ഓടിക്കാന്‍ കുഞ്ഞിനെയുമെടുത്ത് എന്നും തെരുവിലെത്തുന്നത്.
പത്രപ്രവര്‍ത്തകനായ വിനോദ് കാപ്രി ഈ ഓട്ടോറിക്ഷയില്‍ യാത്രചെയ്യാന്‍ ഇടയായതോടെയാണ് ഈ പിതാവിന്റെ ദയനീയത മനസിലാക്കുന്നത്. അദ്ദേഹം ചിത്രമെടുത്ത് ട്വിറ്ററിലൂടെ പുറം ലോകത്തെത്തിച്ചതോടെ സഹായവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. തളര്‍ന്നു കിടക്കുന്ന ഭാര്യയുടെ അടുത്ത് കുഞ്ഞിനെ നിര്‍ത്തി തനിക്ക് ജോലിക്കുപോകാന്‍ പറ്റാത്തതുകൊണ്ടാണ് അവനെയുമെടുത്ത് ഓട്ടോ ഓടിക്കുന്നതെന്ന് സഈദ് പറയുന്നു. ചുട്ടുപൊള്ളുന്ന വെയിലില്‍ മകനെയുമെടുത്ത് ജോലിക്കിറങ്ങുമ്പോള്‍ സഈദ് രണ്ടാമത്തെ കുഞ്ഞിനെ അടുത്ത വീട്ടിലാണ് നോക്കാന്‍ ഏല്‍പ്പിക്കുന്നത്.
കുഞ്ഞിനെയുമെടുത്ത് താന്‍ ഓട്ടോ ഓടിക്കുന്നതുകാണുമ്പോള്‍ സഹായം നല്‍കേണ്ടി വരുമോ എന്ന ആശങ്കയില്‍ ചിലര്‍ തന്നെ വിളിക്കാറില്ലെന്ന സത്യവും സഈദ് പറയുന്നു. എല്ലാ പ്രയാസങ്ങളും ഒരിക്കല്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."