ബേപ്പൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
ഫറോക്ക്: ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബേപ്പൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സ്റ്റാന്‍ഡില്‍നിന്നു നഗരത്തിലേക്കും ഫറോക്ക് ഭാഗത്തേക്കമുള്ള 58 ബസുകളും സര്‍വിസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ വലഞ്ഞു.
2016 ജനുവരി മുതല്‍ അഞ്ചു ഘട്ടങ്ങളായി ലഭിക്കേണ്ട ഡി.എ ബസുടമകള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് തൊഴിലാളികളുടെ ആരോപണം. കഴിഞ്ഞ മാസം 13ന് തൊഴില്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ തൊഴിലാളികളുടെ ആവശ്യത്തോട് ബസ് ഉടമകള്‍ മുഖം തിരിഞ്ഞുനിന്നതോടെയാണ് അനിശ്ചതകാല സമരം ആരംഭിച്ചത്.
സമരം ആരംഭിച്ച ഇന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. കുടിശ്ശികയടക്കം ദിവസം 89 രൂപ ഡി.എ ലഭിക്കാനുള്ളതില്‍ 62 രൂപയെങ്കിലും കിട്ടണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ 30 രൂപയില്‍ ഉടമകള്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച തീരുമാനമാകതെ പിരിഞ്ഞു. ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടുന്നത് വരെ സമരം തുടരാനാണ് സംയുക്ക ട്രേഡ് യൂനിയന്റെ തീരുമാനം.
ബസ് ഓട്ടം മുടങ്ങിയത് ബേപ്പൂര്‍ മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി. പോര്‍ട്ടിലേക്കും ഫിഷിങ് ഹാര്‍ബറിലേക്കുമുള്ള തൊഴിലാളികളടക്കമുള്ളവരും വിദ്യാര്‍ത്ഥികളും വലഞ്ഞു. പലരും മറ്റു വാഹനങ്ങളെയാണ് ആശ്രയിച്ചത്. പണിമുടക്കിലേര്‍പ്പെട്ട തൊഴിലാളികള്‍ രാവിലെ ബേപ്പൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉടമകള്‍ക്കു വേണ്ടി പി. ഷംസുദ്ദീന്‍, കെ. അജിത്കുമാര്‍ എന്നിവരും യൂനിയന്‍ നേതാക്കളായ പി.പി കുഞ്ഞന്‍, സി. മുരളി, കാളക്കണ്ടി ബാലന്‍, പി. പരമേശ്വരന്‍, കെ. സുകുമാരന്‍, എന്‍.കെ ഷൈജു, എ. ഷിജു, കെ. സാജിര്‍, പി. ബാബു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."