കരിഞ്ചോല ദുരന്തം: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.എല്‍.എ
താമരശ്ശേരി: കരിഞ്ചോല ദുരന്തത്തില്‍പെട്ടവരെ സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കാരാട്ട് റസാഖ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തം നടന്ന ജൂണ്‍ മാസത്തില്‍ തന്നെ ധനസഹായങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച 10 ലക്ഷം രൂപയില്‍ ആദ്യ ഗഡുവായി 101900 രൂപ നല്‍കി. സര്‍ക്കാര്‍ നടപടികള്‍ വരുന്ന മുറക്ക് കൂടുതല്‍ സഹായങ്ങള്‍ അടുത്ത ഘട്ടമായി നല്‍കും. വീട് പൂര്‍ണമായും നഷ്ടപ്പെട്ട എട്ടുപേര്‍ക്ക് 815200 രൂപയും പരുക്കേറ്റ ആറു പേര്‍ക്ക് 25800 രൂപയും വീടു പൂര്‍ണമായും ഭാഗികമായും തകര്‍ന്ന 19 പേര്‍ക്ക് 532900 രൂപയും കിണര്‍ ഉപയോഗശൂന്യമായ ആറു പേര്‍ക്ക് 9000 രൂപ വീതവും നല്‍കിയതായി എം.എല്‍.എ പറഞ്ഞു.
എം.എല്‍.എ ചെയര്‍മാനായ കമ്മിറ്റിയില്‍ 12 ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടുണ്ട്. ഇരകളുടെ വാടക വീടുകളുടെ തുക സര്‍ക്കാര്‍ തന്നെ നല്‍കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ ഈ മാസം 30നകം സര്‍ക്കാര്‍ നിലപാട് കൈക്കൊണ്ടില്ലെങ്കില്‍ താന്‍ ചെര്‍മാനായ കമ്മിറ്റി ഒരുവര്‍ഷത്തെ വാടക നല്‍കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 69 വീടുകളാണ് വിവിധ സംഘടനകളുടെ സഹായത്തോടെ നല്‍കാന്‍ കമ്മിറ്റി ആഗ്രഹിക്കുന്നത്. ഇത്രയും വീടുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ നവകേരള സൃഷ്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ ലഭ്യമാക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."