കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് തട്ടിപ്പ്; ചാവക്കാട് സ്വദേശികള്‍ക്ക് നഷ്ടമായത് 88 ലക്ഷം രൂപ
ചാവക്കാട്: ഖത്തറില്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് തട്ടിപ്പില്‍ ചാവക്കാട് സ്വദേശികള്‍ക്കു നഷ്ടമായത് 88 ലക്ഷം രൂപ. പാലയൂര്‍ സ്വദേശി പുതുവീട്ടില്‍ ജാഫര്‍ സാദിഖ് (44), സഹോദരന്‍മാരായ ഷംസാദ് (38), ശിഹാസ് (33) എന്നിവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. ഇവരുടെ പരാതിയില്‍ കണ്ണൂര്‍ ചെറുപുഴക്കടുത്ത് അരിയിരുത്തി അലവേലി ഷമീര്‍ മുഹമ്മദ്, അനുജന്‍ ഷമീം മുഹമ്മദ് എന്നിവര്‍ പിടിയിലായിട്ടുണ്ട്.
ഖത്തറില്‍നിന്നു മുങ്ങിയ ഇരുവര്‍ക്കുമെതിരേ ജാഫര്‍ സാദിഖിന്റെ പരാതിയില്‍ ചാവക്കാട് പൊലിസ് ഷമീം മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഗള്‍ഫിലെ നിരവധി മലയാളികളുടെ പണം തട്ടിയെടുത്ത പ്രതികള്‍ സമാന രീതിയിലാണ് വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജാഫര്‍ സാദിഖിന്റെയും സഹോദരങ്ങളുടെയും പണവും തട്ടിയത്. ഖത്തറിലെ സ്വകാര്യ കമ്പനിയുടെ ഗതാഗത വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഷമീര്‍ മുഹമ്മദ് ആളുകളുമായി വ്യക്തിബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
അറുനൂറോളം മലയാളികളില്‍നിന്ന് ഒന്നര കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഈ പണത്തിനു പുറമേയാണ് ജാഫര്‍ സാദിഖിന്റെയും സഹോദരന്‍മാരുടെയും പണവും തട്ടിയത്. എറണാകുളം കേന്ദ്രമായുള്ള ട്രാവല്‍ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ഷമീര്‍ മുഹമ്മദ് ഖത്തറില്‍ വിമാനയാത്രക്കാര്‍ക്കു ബന്ധപ്പെടാനായി ഫോണ്‍ നമ്പര്‍ അടക്കം നല്‍കിയിരുന്നു. അനുജന്‍ ഷംസാദ് വഴിയാണ് ജാഫര്‍ സാദിഖ് ഇവരില്‍നിന്നു ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയത്.
ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിയിരുന്നത്. ആദ്യമൊക്കെ കുറഞ്ഞ നിരക്കില്‍തന്നെ ടിക്കറ്റ് നല്‍കി. 2000 റിയാല്‍ ടിക്കറ്റ് നിരക്കുണ്ടായിരുന്ന സമയത്തു 1,300 റിയാലിനാണ് ഇയാള്‍ ടിക്കറ്റ് നല്‍കിയിരുന്നത്. പിന്നീട് പല യാത്രക്കാരും വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റ് വ്യാജമാണെന്നു വ്യക്തമായത്. ഇതിനിടയില്‍ ഷമീര്‍ മുഹമ്മദ് നാട്ടിലേക്കു മുങ്ങുകയായിരുന്നു.
ചില പ്രശ്‌നങ്ങളുണ്ടായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും എല്ലാം ഉടനെ ശരിയാക്കാമെന്നും ഇയാള്‍ പണം നല്‍കിയവരെ വിശ്വസിപ്പിച്ചു. പിന്നീട് ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്.സ്വകാര്യ കമ്പനിയില്‍ ജോലിയുള്ള ജാഫര്‍ സാദിഖ് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ് പണമടച്ച് ടിക്കറ്റ് ബുക്ക് ചെയ്തു വഞ്ചിതനായത്. തട്ടിപ്പിനിരയായതോടെ സ്വന്തം കൈയില്‍നിന്നു പണം മുടക്കിയാണ് ജാഫറും സഹോദരങ്ങളും ടിക്കറ്റ് വാഗ്ദാനം നല്‍കിയവര്‍ക്കു പുതിയ ടിക്കറ്റ് നല്‍കിയത്.
കബളിപ്പിക്കപ്പെട്ട പയ്യോളി സ്വദേശികളുടെ പരാതിയിലാണ് ചെറുപുഴ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആദ്യം ഷമീം മുഹമ്മദിനെ അറസ്റ്റ് ചെയ്തു. പിന്നീട് ഷമീര്‍ മുഹമ്മദ് പയ്യോളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ കീഴടങ്ങുകയായിരുന്നു. രണ്ടാം പ്രതി ഷമീമിനെയാണ് ചാവക്കാട് സി.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എ.വി രാധാകൃഷ്ണനും സംഘവും കസ്റ്റഡിയില്‍ വാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."