വീട്ടുകാരെ ബോധരഹിതരാക്കി കവര്‍ച്ച: കേസന്വേഷണത്തിന് രണ്ടു വിഭാഗം പൊലിസ് സംഘം
തിരൂര്‍: ആലത്തിയൂര്‍ ആലിങ്ങലില്‍ മൂന്നംഗ കുടുംബത്തെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി കവര്‍ച്ച നടത്തിയ കേസില്‍ അന്വേഷണം ശക്തമാക്കി. പ്രതികളെ കുരുക്കാന്‍ പൊലിസ് സംഘത്തെ രണ്ട് വിഭാഗങ്ങളാക്കി തിരിച്ചാണ് അന്വേഷണം. തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്ക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കവര്‍ച്ച നടത്തിയതിന് ശേഷം തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി മാരിയമ്മ ആലത്തിയൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് കടന്നതായാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം.
യാത്രക്കിടയില്‍ ഇവര്‍ ആറ്റിങ്ങലില്‍ ഇറങ്ങിയതായും പൊലിസ് സ്ഥിരീകരിച്ചു. കൊല്ലം, തിരുവന്തപുരം എന്നീ ഭാഗങ്ങളിലാണ് ഒരു സംഘം അന്വേഷണം നടത്തുന്നത്. തമിഴ്നാട്, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ മറു സംഘവും അന്വേഷണം നടത്തി വരികയാണെന്ന് ഡി.വൈ.എസ്.പി വ്യക്തമാക്കി. കേസില്‍ തമിഴ്നാട് പൊലിസിന്റെ സഹായം തേടുമെന്ന് സി.ഐ അബ്ദുല്‍ ബഷീര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെ തമിഴ്നാട് സ്വദേശിനിയായ മാരിയമ്മയെ വീട്ടുജോലിക്കെത്തിച്ച സേലം സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും വിവരമുണ്ട്. ആലത്തിയൂര്‍ ആലിങ്ങല്‍ സ്വദേശി എടശ്ശേരി ഖാലിദ്, ഭാര്യ സൈനബ, കോളജ് വിദ്യാര്‍ഥിനിയായ മകള്‍ ഫിദ എന്നിവരെയാണ് ജ്യൂസില്‍ മയക്കുമരുന്ന് നല്കി ബോധരഹിതരാക്കിയ ശേഷം സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും പണവും കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് തിരൂര്‍ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഖാലിദിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി തെളിവെടുത്തിരുന്നു. സംഭവശേഷം മാരിയമ്മ മുങ്ങിയതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് പൊലിസ് നീങ്ങുന്നത്. ഇവര്‍ക്ക് പിന്നില്‍ ഏത് സംഘമാണെന്നത് അടക്കമുള്ള വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്. അതേസമയം ഇവര്‍ പൊലിസ് വലയിലായതായും സൂചനയുണ്ട്. എന്നാല്‍ പൊലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."