ആക്ടീവിസ്റ്റുകളെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള കരാറുകള്‍ റദ്ദാക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍
പാരീസ്: ഭീമ കൊറെഗോവന്‍ കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റുചെയ്ത മുഴുവന്‍ ആക്ടീവിസ്റ്റുകളെയും വിട്ടയയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഇന്ത്യയുമായുള്ള എല്ലാ ഉടമ്പടികളും റദ്ദാക്കണമെന്ന് യൂറോപ്യന്‍ യൂനിയനോട് അതിലെ ഒമ്പത് പാര്‍ലമെന്റ് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയന്റെ ഉന്നതോദ്യോഗസ്ഥയായ ഫെഡറിക്ക മൊര്‍ഗേറിനിക്കു നല്‍കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു നേരേ ഇന്ത്യയില്‍ നടക്കുന്ന ക്രൂരപീഡനങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ തുറന്നെതിര്‍ക്കലാണിത്. വരവര റാവുവുള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ നിയമവിരുദ്ധ നടപടികള്‍ (തടയല്‍) നിയമത്തെ അതിരൂക്ഷമായ വാക്കുകളിലാണ് യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളുടെ കത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്. കൊളോണിയല്‍ കാലത്തെ വൃത്തികെട്ട ഭീകരനിയമങ്ങളുടെ ചുവടുപിടിച്ചുണ്ടാക്കിയതാണ് ഈ നിയമമെന്നു കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
അംഗപരിമിതനും ശാരീരികമായ ഗുരുതര അവശതകളുള്ളയാളുമായ പ്രൊഫ. ജി.എന്‍ സായ്ബാബയെ മാവോയിസ്റ്റ് ബന്ധമാരോപിച്ചു ജീവപര്യന്തം ശിക്ഷിച്ചതിനെതിരേയും കത്തില്‍ അതിരൂക്ഷമായ പരാമര്‍ശമുണ്ട്. ആദിവാസികള്‍ക്കെതിരേ നടക്കുന്ന ക്രൂരതകള്‍ക്കെതിരായുള്ള തന്റെ നിലപാടുകള്‍ പരസ്യമായ പറയുകമാത്രം ചെയ്തതിന്റെ പേരിലാണ് അഭിപ്രായസ്വാതന്ത്ര്യം അംഗീകരിക്കാതെ ആ മനുഷ്യനെ പീഡിപ്പിക്കുന്നതെന്നു കത്തില്‍ പറയുന്നു.
ആദിവാസികളെയും ദലിതരെയും മതന്യൂനപക്ഷങ്ങളെയും രണ്ടാംകിട പൗരന്മാരായി കണക്കാക്കുകയും കടുത്ത വിവേചനം വച്ചുപുലര്‍ത്തുകയും ചെയ്യുന്ന ഒരു ഭരണകൂടവുമായി എങ്ങനെയാണ് യൂറോപ്യന്‍ യൂനിയന് ഉടമ്പടികളും ധാരണകളും ഉണ്ടാക്കാന്‍ കഴിയുന്നതെന്നു കത്തില്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."