റാഫേല്‍: രാജ്യസുരക്ഷയില്‍ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് ആന്റണി
ന്യൂഡല്‍ഹി: വിവാദമായ റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ്. 126 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്കു പകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി ആരോപിച്ചു.
ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ വ്യോമസേന ആവശ്യപ്പെട്ടതുപ്രകാരമാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം ആരോടും ചര്‍ച്ചചെയ്യാതെയാണ് ഫ്രാന്‍സില്‍ പോയി മോദി വിമാനങ്ങളുടെ എണ്ണം കുറച്ചതെന്ന് ആന്റണി ആരോപിച്ചു.
എ.ഐ.സി.സി ആസ്ഥാനത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
നേരത്തെ വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തിനിടെ നിര്‍മാലാ സീതാരാമന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടിയാണ് ആന്റണി വാര്‍ത്താസമ്മേളനം നടത്തിയത്. 2007ലാണ് യു.പി.എ സര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ചത്. സാങ്കേതിക വിദ്യാ കൈമാറ്റം, നിര്‍മാണത്തിനുള്ള ലൈസന്‍സ് എന്നിവയുള്‍പ്പടെയുള്ള കരാറായിരുന്നു അത്. ഫ്രഞ്ച് കമ്പനി റാഫേലുമായുള്ള കരാര്‍ പ്രകാരം 126 വിമാനം വാങ്ങുന്നതില്‍ 18 എണ്ണം ഫ്രാന്‍സില്‍ നിന്ന് നിര്‍മ്മിച്ച് എത്തിക്കുകയും ബാക്കി 108 എണ്ണം ഇന്ത്യയില്‍ വച്ച് നിര്‍മ്മിക്കാനുമായിരുന്നു ധാരണ.
ഇതിനായി റാഫേല്‍ നിര്‍മാണ സാങ്കേതിക വിദ്യ എച്ച്.എ.എല്ലിന് കൈമാറണം. അതോടൊപ്പം ഫ്രഞ്ച് വിമാനക്കമ്പനിയായ ദാസാള്‍ട്ട് ഏവിയേഷന്‍ എച്ച്.എ.എല്ലില്‍ 50 ശതമാനം നിക്ഷേപം നടത്തണം. ആജീവനാന്ത അറ്റകുറ്റപ്പണിയുടെ കരാറിന്റെ ഭാഗമായുണ്ടായിരുന്നെങ്കിലും അതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
ഇന്ത്യയുടെ താല്‍പര്യത്തിന് അനുകൂലമായി കരാര്‍ തീര്‍പ്പാക്കാന്‍ ചര്‍ച്ചകള്‍ നടക്കവെയാണ് പിന്നീട് വന്ന മോദി സര്‍ക്കാര്‍ കരാര്‍ അട്ടിമറിച്ചത്.
പ്രതിരോധ ഇടപാടുകളില്‍ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രിക്ക് അവകാശമില്ല. ചര്‍ച്ച അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കവെ അതീവ ഗൗരവമുള്ള ഇക്കാര്യങ്ങളെല്ലാം തീര്‍പ്പാക്കാതെയാണ് 2015 ഏപ്രിലില്‍ മോദി ഫ്രാന്‍സില്‍ പോയി കരാറില്‍ ഒപ്പിടുന്നതും വിമാനത്തിന്റെ എണ്ണം 36 ആയി കുറച്ചതും. ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജിയര്‍ (ഡി.പി.പി) പ്രകാരം പ്രതിരോധമന്ത്രിയാണ് ഡിഫന്‍സ് അക്ക്യുസിഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍.
കര, വ്യോമ, നാവിക, തീര സേനാ മേധാവികള്‍, പ്രതിരോധ സെക്രട്ടറി, പ്രതിരോധ ധനകാര്യസെക്രട്ടറി, പ്രതിരോധ ഗവേഷണ ഗവേഷണ സമിതി (ഡി.ആര്‍.ഡി.ഒ) മേധാവി, പ്രതിരോധ നിര്‍മ്മാണ സെക്രട്ടറി എന്നിവര്‍ അതില്‍ അംഗങ്ങളാണ്.
ഈ സമിതിക്കു മാത്രമേ ടെന്‍ഡര്‍ തീര്‍പ്പാക്കാന്‍ അധികാരമുള്ളൂ. മോദിയുടെ തീരുമാനം ഇതിന്റെ ലംഘനമാണ്. വിമാനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയത് ആരാണ്? യു.പി.എ സര്‍ക്കാറിനെക്കാള്‍ വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെങ്കില്‍ എന്തിനാണ് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത്? ആന്റണി ചോദിച്ചു.
സാങ്കേതിക കൈമാറ്റമാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്തെ കരാറിലെ പ്രധാന ഇനം. ഇത് ഇപ്പോഴത്തെ കരാറിലില്ല. സാങ്കേതിക വിദ്യയും മറ്റുമില്ലെങ്കില്‍ വിമാനത്തിന്റെ വില കുറയണം. 36 വിമാനവും ഫ്രാന്‍സില്‍ തന്നെ നിര്‍മ്മിക്കുന്നതിനാല്‍ വീണ്ടും വില കുറയണം.
എന്നാല്‍ യു.പി.എ സര്‍ക്കാര്‍ സാങ്കേതിക വിദ്യയുള്‍പ്പടെ 526.10 കോടിയ്ക്കാണ് ഒരു വിമാനം വാങ്ങാന്‍ ധാരണയായത്. അങ്ങനെ വന്നാല്‍ 36 വിമാനത്തിന് 18,940 കോടിയാണ് വരിക. എന്നാല്‍ മോദി വാങ്ങുന്നത് സാങ്കേതിക വിദ്യയില്ലാതെ 1670.70 കോടി ഒരു വിമാനത്തിന് നല്‍കിയാണ്. അതായത് 36 വിമാനത്തിന് 60,145 കോടി. 41,205 കോടിയാണ് അധികമായി ചെലവിടുന്നത്. പിന്നീട് മോദി സര്‍ക്കാര്‍ പദ്ധതി ചുമതലപ്പെടുത്തിയ റിലയന്‍സ് കമ്പനിക്ക് ഈ രംഗത്ത് ഒരുമുന്‍പരിചയവുമില്ല. കമ്പനി ഒരുയുദ്ധവിമാനം പോലും നിര്‍മിച്ചിട്ടുമില്ല.
റാഫേല്‍ ഇടാട് സംബന്ധിച്ച മുഴുവന്‍ സത്യാവസ്ഥയും പുറത്തുകൊണ്ടുവരുന്നതിന് സംയുക്ത പാര്‍ലെമെന്ററി സമിതി (ജെ.പി.സി) അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. ജെ.പി.സി അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ ഭയക്കുന്നത്? ജെ.പി.സി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാരിന് എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ്. റഫാല്‍ ഇടപാടിന് താനാണ് 2013ല്‍ തടസം സൃഷ്ടിച്ചതെന്ന പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ വാദം അടിസ്ഥാന രഹിതമാണ്.
യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്.എ.എല്‍) അറിയില്ലെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ആ സ്ഥാപനത്തിന്‍ന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയിട്ടുണ്ടെന്ന് ആന്റണി ആരോപിച്ചു.
ജെ.പിസി അന്വേഷണമില്ലെന്ന് നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ എ.കെ ആന്റണിയുടെ ആരോപണങ്ങളെ തള്ളിയ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിഷയത്തില്‍ ജെ.പി.സി അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു. വിമാനത്തിന്റെ വിലയുള്‍പ്പടെ എല്ലാ കാര്യങ്ങളും പാര്‍ലമെന്റിന് അറിയാവുന്നതാണ്.
ആന്റണി മുതിര്‍ന്ന നേതാവാണ്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ച് അദ്ദേഹത്തിന് അറിയാം. വിമാനത്തിന്റെ വിലയുള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് പാര്‍ലെമെന്റിനെ അറിയിച്ചിട്ടുണ്ട്. 126 വിമാനങ്ങള്‍ വാങ്ങണമെന്നത് ഒരിക്കലും നടക്കാവുന്നതല്ല. കരാറിന്റെ കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് യു.പി.എ സര്‍ക്കാര്‍ അതുമായി മുന്നോട്ടു പോകാതിരുന്നതെന്ന് നിര്‍മല ചോദിച്ചു.
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍) കരാറില്‍ നിന്ന് ഒഴിവാക്കിയത് യു.പി.എ സര്‍ക്കാരാണ്. എച്ച്.എ.എല്ലും ദസാള്‍ട്ടുമായി നിര്‍മ്മാണ കരാര്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ടായിരുന്നില്ല. അതിനാല്‍ എച്ച്.എ.എല്ലിന് റാഫേല്‍ കരാറിന്റെ ഭാഗമാകാനായില്ല. ഇതെല്ലാം സംഭവിച്ചത് ആരുടെ സര്‍ക്കാറിന്റെ കാലത്തായിരുന്നു- നിര്‍മല ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."