പ്രഗ്യാസിങിന്റെ സത്യപ്രതിജ്ഞക്കിടെ പ്രതിപക്ഷ ബഹളം, ഉണ്ണിത്താന് ഹിന്ദി പഠിച്ചത് വെറുതെയായി
ന്യുഡല്‍ഹി: പതിനേഴാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കിടെ ഇന്ന് സഭയില്‍ അരങ്ങേറിയത് വ്യത്യസ്തമായ വികാര പ്രകടനങ്ങള്‍. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങിയ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിന് സോണിയയുടെ ശകാരം. ഇതോടെ ഹിന്ദി പഠിച്ച് സത്യപ്രതിജ്ഞക്കൊരുങ്ങിയ രാജ്മോഹന്‍ ഉണ്ണിത്താനും മറ്റും ഹിന്ദി വേണ്ടെന്നുവെച്ചു മലയാളത്തിലേക്കു മടങ്ങി. പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങളുടെ ഹിന്ദിയിലെ പ്രതിജ്ഞക്ക് ബി.ജെ.പി എം.പിമാര്‍ കൈയടിക്കുന്നത് കണ്ടതോടെയാണ് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ബോധമുദിച്ചത്.
അതോടെയാണ് അവര്‍ കൊടിക്കുന്നിലിനെ ശകാരിച്ചത്.
എന്നാല്‍ ബി.ജെ.പി എം.പിയായ പ്രഗ്യാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷത്തിന്റെ ബഹളത്തില്‍ മുങ്ങി.
പേരിനോടൊപ്പം അവര്‍ ആത്മീയനാമവും ഗുരുവിന്റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചത്. ശരിയായ പേര് പറഞ്ഞ് മാത്രമെ സത്യപ്രതിജ്ഞ ചെയ്യാനാകൂ എന്ന് പറഞ്ഞായിരുന്നു ബഹളം.
തെരഞ്ഞെടുപ്പ് രേഖയില്‍ പ്രഗ്യ സിങ് പറഞ്ഞ പേര് ഇതല്ലെന്നും ആ പേരില്‍ മാത്രമെ സത്യപ്രതിജ്ഞ അനുവദിക്കാനാകൂ എന്നും പറഞ്ഞാണ് കേരള എം.പിമാര്‍ അടക്കമുള്ള പ്രതിപക്ഷ നിര ബഹളം വച്ചത്.
പേര് പറയണമെങ്കില്‍ ഗുരുവിന്റെ പേരല്ല മറിച്ച് അച്ഛന്റെ പേര് പറഞ്ഞ് സത്യപ്രതിജ്ഞയാകാമെന്ന് ലോക്സഭാ ഉദ്യോഗസ്ഥര്‍ പ്രഗ്യാ സിങിനെ അറിയിച്ചു.
എന്നാലിത് തന്റെ യഥാര്‍ഥ പേരാണെന്ന പ്രഗ്യാ സിങിന്റെ വാദത്തെ അവര്‍ അംഗീകരിച്ചില്ല. ബഹളം കനത്തതോടെ പ്രൊടെം സ്പീക്കര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് രേഖകള്‍ പരിശോധിക്കുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."